ബംഗ്ലൂര്‍ മഹാ നഗരത്തിലും മലയാളികള്‍ക്കിടയിലും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായ പ്രിയപ്പെട്ട എ.ബി ഖാദര്‍ ഹാജി ഇനി നമ്മോടൊപ്പമില്ല. ജീവ കാരുണ്യ രംഗത്തും സാമൂഹ്യ സേവന രംഗത്തും നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗം ബാംഗ്ലൂരിലെ പൊതു സമൂഹത്തിനും വിശിഷ്യാ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും കെ.എം.സി.സി ക്കും ആഘാതം തന്നെയാണ്. ബാംഗ്ലൂരിലെ കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടും തൂണായിരുന്നു സൗമ്യത മാത്രം കൈമുതലുള്ള ഖാദര്‍ഹാജി. രണ്ടു തവണ ബി.ബി.എം.പി കൗണ്‍സിലറായിരുന്ന അദ്ദേഹം 1983 മുതല്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നു.

1980ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗിന്റെ നേതൃത്വത്തിലേക്കും അതുവഴി പൊതു രംഗത്തേക്കും ഖാദര്‍ ഹാജിയെ കൊണ്ടുവന്നത്. പാണക്കാട് കുടുംബവുമായും വിവിധ തലമുറകളിലെ മുസ്‌ലിം ലീഗ് നേതൃത്വവുമായും അടുത്ത ബന്ധമായിരുന്നു ഖാദര്‍ ഹാജിക്ക്. ബാംഗ്ലൂര്‍ വെല്‍ഫെയര്‍ ലീഗ് അധ്യക്ഷ പദവിയിലിരുന്നുകൊണ്ടായിരുന്നു പൊതുരംഗത്തുള്ള തുടക്കം. 1997 മുതല്‍ ബാംഗ്ലൂര്‍ കെ.എം.സി.സി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 2003 ലും 2010 ലും ബാംഗ്ലൂരില്‍ നടന്ന മുസ്‌ലിം ലീഗ് ദേശീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു സംഘാടന പാടവം തെളിയിച്ചു. ചന്ദ്രിക പത്രം ബാംഗ്ലൂരില്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഗള്‍ഫ് പ്രവാസം ശക്തി പ്രാപിച്ച ശേഷം നിര്‍ജീവമായിരുന്ന സംഘടന പ്രവര്‍ത്തനം ബാംഗ്ലൂരില്‍ സജീവമായത് 1997 ല്‍ ഖാദര്‍ ഹാജി പ്രസിഡന്റും സി.പി സദഖത്തുള്ള ജനറല്‍ സെക്രട്ടറിയുമായി ഇന്ത്യയില്‍ ആദ്യമായി കെ.എം.സി.സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന രൂപീകൃതമായ ശേഷമാണ്. കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് എന്ന പേരില്‍ മുംബൈ, ചെന്നൈ ഘടകങ്ങളും പിന്നീട് കെ.എം.സി.സി ആയി പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്. ഖാദര്‍ ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ യും ആസൂത്രണത്തിന്റെയും മികവാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. ഐ.ടി നഗരത്തില്‍ ഉപരി പഠനത്തിനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ മുസ്‌ലിം അസോസിയഷനു കീഴില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. നഗര ഹൃദയത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന പേരില്‍ പത്തു കോടി ചെലവില്‍ കെ.എം.സി.സി നിര്‍മ്മിക്കുന്ന കാരുണ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ട്.

ബാംഗ്ലൂര്‍ സന്ദര്‍ശന വേളകളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം അദ്ദേഹത്തിന്റെ ആതിഥേയ സൗഭാഗ്യം അനുഭവിച്ചറിയാന്‍ എനിക്കും കുടുംബത്തിനുമായിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങളില്‍ ഹാജിയെ വിളിച്ചാല്‍ പരിഹാരം ഉറപ്പാക്കിയിട്ടേ അദ്ദേഹം പിന്‍വാങ്ങാറുള്ളൂ. കര്‍ണാടക മുഖ്യമന്ത്രിമാരായ എസ്.എം കൃഷ്ണയും ഇപ്പോള്‍ സിദ്ധരാമയ്യയും നഗരത്തിലെ കോര്‍പറേഷന്‍ കൗണ്‍സിലറായി മൂന്ന് തവണ ഖാദര്‍ ഹാജിയെ നാമനിര്‍ദ്ദേശം ചെയ്തതും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും ജനപ്രിയതയുടെയും മികച്ച അംഗീകാരമാണ്. പ്രവര്‍ത്തന മേഖലയിലും വ്യക്തിത്വത്തിലും വളരെയേറെ ശ്രദ്ധേയനായ സൗമ്യ സ്വഭാവത്തിനുടമയായ അദ്ദേഹത്തിന്റെ വേര്‍പാട് തീരാ നഷ്ടമാണ്.

കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായും നല്ല ബന്ധമാണ് അദ്ദേഹം നിലനിര്‍ത്തിയത്. ഡോക്ടര്‍ എന്‍.എ മുഹമ്മദുമായി ചേര്‍ന്ന് നഗരത്തിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയായ മലബാര്‍ മുസ്‌ലിം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കാനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഫാറൂഖ് കോളജില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിനായി. നിര്‍ധനരായ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പലിശ രഹിത വായ്പാ പദ്ധതിയും തൊഴിലുപകരണ വിതരണ പദ്ധതിയും നടപ്പാക്കി എം.എം.എ യുടെ മുഖം അദ്ദേഹം ജനകീയമാക്കി.