തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഇതാവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപകടമരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്.

അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനാണെന്ന് പറഞ്ഞ ഡ്രൈവര്‍ അര്‍ജ്ജുന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തിന് ശേഷം ബാലഭാസ്‌ക്കറാണ് കാറോടിച്ചതെന്ന് മൊഴി മാറ്റിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അര്‍ജ്ജുനാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. അതേസമയം, അര്‍ജ്ജുന്‍ മൊഴിമാറ്റാനുള്ള സാഹചര്യമെന്താണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.