കൊച്ചി: കൊലക്കേസില്‍ പ്രതിയായ എം.എം മണിയെ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ സി.പി.എമ്മുകാരും പൊലീസും മര്‍ദ്ദിച്ചു. എറണാകുളം ടൗണ്‍ഹാളിന് മുമ്പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. പത്തോളം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. മന്ത്രി എം.എം മണി കാറിലിരുന്ന് മര്‍ദ്ദനദൃശ്യങ്ങള്‍ നേരില്‍ കാണുന്നുണ്ടായിരുന്നു.
എറണാകുളം നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. നേരത്തെ കളമശ്ശേരിയില്‍ ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ കയറാനെത്തുമ്പോഴും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.