• കമാല്‍ വരദൂര്‍

പണ്ടത്തെ കാലം. പൊടിമണ്‍ ഗ്രൗണ്ട്. വിസിലൂതിയുള്ള സ്റ്റാര്‍ട്ടിംഗ്. കയര്‍ പിടിച്ചുള്ള ഫിനിഷിംഗ്. സ്‌പൈക്കില്ല, ക്യാന്‍വാസില്ല. ജംമ്പിംഗ് പീറ്റില്‍ കല്ലും മണ്ണും, പോള്‍വോള്‍ട്ടിന് മുളകമ്പ്, ഡോക്ടറില്ല, മെഡിക്കല്‍ സംവിധാനമില്ല. മീഡിയാ റൂമില്ല, റിപ്പോര്‍ട്ടിംഗ് റൂമില്ല, ഉത്തേജക പരിശോധനകളില്ല… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ കാണികളും കുറവ്.

ഇന്നത്തെ കാലം. പൊടിമണ്‍ ഗ്രൗണ്ടിന് പകരം സിന്തറ്റിക് ട്രാക്ക്. വിസിലിന് പകരം സ്റ്റാര്‍ട്ടറുടെ വെടി. കയര്‍ പിടിച്ചുള്ള ഫിനിഷിംഗിന് പകരം നോര്‍മല്‍ ഫിനിഷ്. സ്‌പൈക്കില്ലാത്തവര്‍ കുറവ്, ജംമ്പിംഗ് പിറ്റില്‍ നല്ല പൂഴി, പോള്‍വോള്‍ട്ടിന് ഫൈബര്‍ പോള്‍. ഡോക്ടറും ആംബുലന്‍സും മെഡിക്കല്‍ റൂമും മീഡിയാ സെന്ററും തല്‍സമയ സൗകര്യങ്ങളും വൈഫൈയും നാഡയുടെ ചെക്കിംഗ് സെന്ററും എല്ലാം ഓ കെ… തല്‍സമയ സംപ്രേഷണ കാലമായതിനാല്‍ വീട്ടിലിരുന്ന് മല്‍സരങ്ങളെ ആസ്വദിക്കുന്നവരുടെ എണ്ണം പെരുകിയതിനാല്‍ ഗ്യാലറികള്‍ ശൂന്യം..

ഇവിടെയാണ് മലപ്പുറത്തിന്റെ മാറ്റം. ഇന്നലെ കാലിക്കറ്റ്് വാഴ്‌സിറ്റിയിലെ ടാഗോര്‍ നികേതനില്‍ സംഘാടക സമിതിയുടെ ഉന്നതതല യോഗമുണ്ടായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചുളള ഔദ്യോഗിക ദു:ഖാചരണം നടക്കുന്നതിനാല്‍ സമാപനചടങ്ങിന്റെ കാര്യത്തിലുളള അനിശ്ചിതത്വം പരിഹരിക്കാനായിരുന്നു ഡി.പി.ഐ മോഹന്‍ കുമാറിന്റെയും സംഘാടക സമിതി ചെയര്‍മാന്‍ പി. അബ്ദുള്‍ ഹമീദ് മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള യോഗം. പതിനെട്ട് സബ് കമ്മിറ്റി തലവന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ ജനകീയ തീരുമാനം ദു:ഖാചരണത്തിന്റെ ഭാഗമായി സമാപനാഘോഷം പാടില്ല എന്നായിരുന്നു. പക്ഷേ ഒറ്റവാക്കില്‍ എല്ലാവരും പറഞ്ഞു, മറ്റൊരു ദിവസം സമാപനചടങ്ങ് ആഘോഷമായി നടത്തണം. മുഖ്യമന്ത്രിയെ വിളിക്കണം, കുട്ടികളെ വിളിക്കണം-രാജകീയമായി ചടങ്ങ് നടത്തണം….

ഇത്തരത്തിലുളള സ്‌പോര്‍ട്ടിംഗ് ചിന്തകള്‍ക്ക് ഇവിടമല്ലാതെ മറ്റെവിടെയാണ് സ്ഥാനം. എങ്ങനെയെങ്കിലും മേള അവസാനിച്ചുകിട്ടാനാണ് സാധാരണ സംഘാടകര്‍ പ്രാര്‍ത്ഥിക്കുക. അതും നാല് ദിവസം വെയിലേറ്റ് തളര്‍ന്ന വേളയില്‍. എത്രയും വേഗം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇനിയൊരു സമാപന ചടങ്ങ് വേണ്ടെന്നും അത് സാമ്പത്തിക അധിക ചെലവാണെന്നുമെല്ലാമാണ് പറയാറുള്ളതെങ്കില്‍ പക്ഷേ മലപ്പുറം കക്ഷി രാഷ്ട്രീയ ഭേദമന്യേ പറയുന്നു- ചടങ്ങ് വേണം, കേമത്തില്‍ തന്നെ…!

നേരത്തെ പറഞ്ഞ രണ്ട് കാലങ്ങളിലെ മാറ്റത്തില്‍ സമാനതയുളള വിഷയം കാണികളുടെ താല്‍പ്പര്യക്കുറവായിരുന്നു. പക്ഷേ മലപ്പുറത്തേക്ക് മേള വന്നപ്പോള്‍ അത് ജനകീയമായി മാറി. നാല് ദിവസവും വലിയ സ്‌റ്റേഡിയം ഫുള്‍. യുനിവേഴ്‌സിറ്റിയുടെ അതിവിശാല ക്യാമ്പസിലാകെ വാഹനങ്ങള്‍. ജനപ്രതിനിധികളും നേതാക്കളുമെല്ലാം സംഘാടനത്തില്‍ എന്തിനും റെഡി. ഭക്ഷണം വിളമ്പാനും അതിഥികളെ സല്‍ക്കരിക്കാനുമെല്ലാം ജനപ്രതിനിധികള്‍. പിന്നണിയില്‍ എല്ലാ അധ്യാപക സംഘടനകളും വളരെ സജീവം-ഇവിടെ രാഷ്ട്രീയമില്ല. സി.പി.എം, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് സംഘടനകളെല്ലാം മേളയുടെ വിജയത്തിനായി എല്ലാം മറക്കുന്നു. മുസ്‌ലിം ലീഗ് നേതാവായ സംഘാടകസമിതി ചെയര്‍മാന്‍ പി.അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് പറയുന്നത് സമാപനത്തിന് സി.പി.എമ്മുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വേണമെന്ന്.

യുനിവേഴ്‌സിറ്റി എന്തിനും തയ്യാറാണെന്ന് പറയുന്നത് സിന്‍ഡിക്കേറ്റിലെ ഇടത് അംഗമായ കെ.വിശ്വനാഥനാണ്. പശ്ചാത്തല സംവിധാനത്തിന് പ്രയാസമില്ലെന്ന് വ്യക്തമാക്കുന്നത് യുനിവേസിറ്റിയിലെ കായികവിഭാഗം മേധാവി ഡോ.വി.പി സക്കീര്‍ ഹുസൈനാണ്. അധ്യാപക സംഘടനകളിലെ എല്ലാവരും എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കൈയ്യടിക്കുന്നു… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഗ്യാലറിയിലെത്തിയവരില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനുള്‍പ്പെടുന്നവരും… പഴയ നടത്ത മല്‍സര ജേതാവായ മുരളിധരനാവട്ടെ കാലിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ട എല്ലാ സഹകരണവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

ഈ കൂട്ടായ്മയും ഏകോപനവുമാണ് അറുപതാമത് സംസ്ഥാന കായിക മേളയെ സംഭവമാക്കിയിരിക്കുന്നത്. അനുഭവസമ്പന്നരായ കായിക പ്രതിഭകള്‍-പി.ടി.ഉഷയും കെ.പി തോമസ് മാഷും പി.കെ പിളളയുമെല്ലാം പറയുന്നു ഗംഭീരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു-ഹാപ്പി. താരങ്ങള്‍ കൈ ഉയര്‍ത്തി പറയുന്നു-കിടിലന്‍. ദു:ഖാചരണം കാരണം സമാപനചടങ്ങും ട്രോഫി ആഘോഷവും നടത്താനായില്ലെങ്കിലും ചാമ്പ്യന്മാരായ പാലക്കാട്ടുകാരും രണ്ടാം സ്ഥാനക്കാരായ എറണാകുളവും മൂന്നാമതെത്തിയ കോഴിക്കോടും പറയുന്നു ഇനിയും ഇവിടെ തന്നെ മേള നടത്തണമെന്ന്…. വൈകീട്ട് സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തോട് വിട പറയുമ്പോള്‍ എല്ലാവരും പ്രകടിപ്പിക്കുന്നത് പിരിയുന്ന വേദന… പക്ഷേ രാജ്യാന്തര നിലവാരത്തിലേക്കുയരുന്ന പുത്തന്‍ സ്‌റ്റേഡിയത്തില്‍ ഇനിയുമുണ്ടാവും ഗംഭീര മല്‍സരങ്ങള്‍, ഇനിയുമെത്തും കാണികള്‍-അതിനാല്‍ വിട പറയുന്നില്ല, താമസിയാതെ വീണ്ടും കാണാം….