മെക്‌സികോയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 20 കുട്ടികള്‍ അടക്കം 216 മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
തലസ്ഥാനമായ മെക്‌സികോ സിറ്റി, പ്യൂബ്ല, മെക്‌സികോ, മൊറെലോസ്, ഗ്യുറെറോ, ഒക്‌സാക സംസ്ഥാനങ്ങളിലാണ് ഭൂകമ്പമുണ്ടായത്. പ്യൂബ്ലെ നഗരത്തിന് വടക്കു കിഴക്ക് സാന്‍ യുവാന്‍ റൊബോസോയിലാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. രണ്ടാഴ്ച മുമ്പ് രാജ്യത്തിന്റെ ദക്ഷിണ തീരത്തുണ്ടായ ഭൂകമ്പത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ പകുതിയോളം പേര്‍ മെക്‌സികോ സിറ്റിയില്‍ നിന്നുള്ളവരാണ്. ഇവിടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നു. ആയിരക്കണക്കിന് പേരാണ് പരിഭ്രാന്തരായി തെരുവിലേക്കോടിയത്. നഗരം മുഴുവന്‍ നിശ്ചലമായ സാഹചര്യത്തില്‍ പ്രസിഡണ്ട് എന്റിക്വെ പെന നീതോ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനസാന്ദ്രതയേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് മെക്‌സികോ സിറ്റി. 20 ദശലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്.
മെക്‌സികോ സിറ്റിയിലെ കോപ ജില്ലയില്‍ പ്രാഥമിക വിദ്യാലയം തകര്‍ന്ന് 37 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 32 പേര്‍ കുട്ടികളാണ്. ഇരുപതിലധികം പേരെ കാണാനില്ലെന്ന് മെക്‌സികന്‍ വാര്‍ത്താ ഏജന്‍സിയായ റെഫോര്‍മ റിപ്പോര്‍ട്ട് ചെയ്തു.