ഇന്‍ഡോര്‍: ഒരിക്കല്‍ തനിക്ക് യു.എസിലേക്ക് വിസ നിഷേധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്‍ഡോറില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി യു.എസ് വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ടില്ലെന്നും വിവാഹം കഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തനിക്ക് വിസ നല്‍കാതിരുന്നത്. ബാങ്ക് അക്കൗണ്ട് ഇപ്പോഴുമില്ല. വിവാഹം കഴിച്ചിട്ടുമില്ല. എന്നാല്‍ പിന്നീട്, യു.എന്‍ പദ്ധതിയുടെ ഭാഗമായി അവര്‍ തനിക്ക് 10 വര്‍ഷത്തെ വിസ നല്‍കുകയും ചെയ്തു- 4500 കോടി വിറ്റുവരവുള്ള പതജ്ഞലി കമ്പനിയുടെ ഉടമയായ അദ്ദേഹം പറഞ്ഞു.

അതേസമയം, ഏതു വര്‍ഷമാണ് തനിക്ക് വിസ നിഷേധിക്കപ്പെട്ടത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ചടങ്ങില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, അനില്‍ അംബാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.