ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ് ജങ്. എന്നാല്‍ താന്‍ തല്‍സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുകയായിരുന്നു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും അതിനു പിറകില്‍ രാഷ്ട്രീയമില്ലെന്നും നജീബ് ജങ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജിവെക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. 95 വയസുള്ള മാതാവും മക്കളും പേരകുട്ടികളുമുണ്ട്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നു. പദവിയിലിരിക്കുേമ്പാള്‍ അവധി എടുക്കുക പ്രായോഗികമല്ല. തന്നെ നിയമിച്ചത് യു.പി.എ സര്‍ക്കാറാണ്.

ഭരണം മാറിയപ്പോള്‍ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പദവിയില്‍ തുടരാന്‍ നിര്‍ദേശിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം താന്‍ വീണ്ടും ഇക്കാര്യം മോദിയെ അറിയിച്ചെങ്കിലും തുടരണമെന്ന മറുപടിയാണ് ലഭിച്ചത്. വ്യക്തിപരമായ കാര്യങ്ങളാല്‍ താന്‍ രാജിവെക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയെ അറിയിച്ചതെന്നും നജീബ് ജങ് പറഞ്ഞു.