ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വീണ്ടും സുപ്രീംകോടതി. കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി കോടതി തള്ളി.

ഈ ആവശ്യം ഉന്നയിച്ച് ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജി കഴിഞ്ഞ ആഗസ്തില്‍ സുപ്രീംകോടതി തള്ളിയിരുന്നു. വിധി പുനപരിശോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ചെന്നും വിധിയില്‍ യാതൊരു അപാകതയുമില്ലെന്നും ജസ്റ്റിസുമാരായ എസ്.എ ബോബ്‌ദെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അമിത് ഷായെ കുറ്റവിമുക്തനാക്കി 2014 ഡിസംബര്‍ 30നുള്ള മുംബൈ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് ഹര്‍ഷ് മന്ദര്‍ കോടതിയെ സമീപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ഭീകരനെന്ന് ആരോപിച്ച് സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും 2005ലാണ് ഗുജറാത്ത് പൊലീസ് വ്യാജ കൊലപ്പെടുത്തിയത്. കൗസര്‍ ബിയെ പിന്നീട് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം 2006ല്‍ സൊഹ്‌റാബുദ്ദീന്റെ കൂട്ടാളിയും സാക്ഷിയുമായ തുള്‍സി റാം പ്രജാപതിയെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു.