Video Stories
ഇന്ത്യന്‍ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് അഭിലഷണീയമോ
ഓരോ മതത്തിനും അതിന്റേതായ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായറിയപ്പെടുന്ന പ്രവാചകചര്യകളും, ഇസ്ലാമിക നിയമങ്ങളുടെ മുഖ്യസ്രോതസ്സുകളും ഇവതന്നെയാണ്.
എന്നാല്‍ മനുഷ്യന് ഓരോകാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്ക് അക്കമിട്ടു പരിഹാരം നിര്‍ദ്ദേശിക്കുകയല്ല വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ചില പ്രധാന വിഷയങ്ങളെപ്പറ്റി സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ടെങ്കിലും മറ്റു പല കാര്യങ്ങളിലും ഒരു വിശ്വാസി ജീവിതത്തില്‍ പൊതുവെ അംഗീകരിക്കേണ്ടതായ ചില തത്വങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ മൗലീക തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവിതത്തെ നിയന്ത്രിക്കാനാണ് വിശ്വാസികള്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നത്.
ഈ തത്വങ്ങള്‍ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്തുന്നതിന് ആവശ്യമായ വിജ്ഞാനം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഖുര്‍ആനില്‍ നിന്നും നബിചര്യകളില്‍ നിന്നും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് ഖുര്‍ആനിലും തിരുവചനങ്ങളിലും അഗാധമായ പാണ്ഡിത്യം നേടിയ ഭക്തരായ മതപണ്ഡിതന്മാര് മതകാര്യങ്ങളില്‍ ഏകോപിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങളായ ‘ഇജ്മാഉ്’ പ്രമാണമായി മുസ്ലിംകള് അംഗീകരിച്ചുപോന്നു. ഇതുകൊണ്ടും പ്രമാണങ്ങളുടെ ആവശ്യം മതിയായില്ല. സമുദായത്തിന്റെ മുമ്പിലുള്ള ജീവിത പ്രശ്നങ്ങള്‍ സങ്കീര്‍ണബഹുലമായപ്പോള്‍ നവംനവങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായും വന്നു. അങ്ങനെയാണ് ‘ഖിയാസി’നെ അവലംബിക്കേണ്ടിവന്നത്. ഒരു സംഗതി മറ്റു സംഗതിയോടോ, പല സംഗതികളോടോ തുലനം ചെയ്തുനോക്കി വിഷയത്തിന്റെ കാതല്‍ കണ്ടെത്തി എടുക്കുന്ന തീരുമാനത്തിനാണ് ‘ഖിയാസെന്നു’ പറയുന്നത്. ഇതും ഒരു പ്രമാണമായി പണ്ഡിതലോകം എണ്ണിവരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ലോകാവസാനം വരെ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ന്യായവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗം ഇസ്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിശ്വാസികളുടെ മുമ്പില്‍ തുറന്നുവെച്ചിട്ടുണ്ടെന്നുകാണാം. ഇതുകൊണ്ടെല്ലാമാണ് ഇസ്ലാമില്‍ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തമമായ പരിഹാരമുണ്ടെന്നു പറയാനുള്ള കാരണം.
ഖുര്‍ആന്‍ കുറച്ചു വിശദമായിത്തന്നെ വിവരിച്ചിട്ടുള്ള വിഷയങ്ങളിലൊന്നാണ് ഇസ്ലാമിലെ ദായക്രമം, അഥവാ പിന്തുടര്ച്ചാവകാശ നിയമം. ഇസ്ലാം വിഭാവനം ചെയ്യുന്ന പിന്തുടര്ച്ചാവകാശ നിയമം മനസ്സിലാക്കുന്നതിനുമുമ്പായി ഈ വിഷയത്തില്‍ ലോകത്തിലെ ഇതര സമുദായങ്ങളുടെ നില എന്തായിരുന്നുവെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്നാല്‍ മാത്രമേ ഇസ്ലാം ഈ രംഗത്ത് വരുത്തിയ പരിവര്‍ത്തനത്തിന്റെയും പരിഷ്കാരത്തിന്റെയും ആഴവും പരപ്പും ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
ഒരാളുടെ മരണംമൂലം അയാള്‍ വിട്ടേച്ചുപോയ സ്വത്ത് എത്രയായാലും ജീവിച്ചിരിക്കുന്ന കുടുംബങ്ങളിലും മറ്റു അവകാശികളിലും ആര്‍ക്കെല്ലാം, എങ്ങനെയെല്ലാം, ഏതെല്ലാം തോതില്‍ വിഭജിക്കപ്പെടണമെന്നാണല്ലോ പിന്തുടര്ച്ചാവകാശ നിയമം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇസ്ലാമിനുമുമ്പ് ‘ജാഹിലിയ്യ’ കാലത്തെ അറബികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനന്തരാവകാശം തന്നെ നിഷേധിച്ചിരുന്നു. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന, പോരടിച്ചുകൊണ്ടിരുന്ന അറബി ഗോത്രങ്ങള്‍ക്ക് ശത്രുപക്ഷത്തെ നേരിടുന്നതിനും കുടുംബത്തിന്റെ സംരക്ഷണത്തിനും കഴിവുള്ള ആണ്‍സന്താനങ്ങള്‍ക്ക് മാത്രമേ സ്വത്ത് കൈവശം വെക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായി ഗണിക്കപ്പെട്ടിരുന്നതിനാല്‍ അനന്തരാവകാശമെടുക്കുന്നതില്‍ നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരുന്നു. സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവും അവര്‍ നല്‍കിയിരുന്നില്ല. സന്താനോല്പാദനത്തിനും പുരുഷന്റെ വികാരം ശമിപ്പിക്കുന്നതിനുമുള്ള ഉപകരണമായാണ് സ്ത്രീ കരുതപ്പെട്ടിരുന്നത്.
അറബികളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ സ്ത്രീക്ക് മെച്ചപ്പെട്ട സ്ഥാനം ലോകത്ത് മറ്റു രാജ്യങ്ങളോ, സമുദായങ്ങളോ അനുവദിച്ചുകൊടുത്തതിന് തെളിവുകളുമില്ല.
ലോകത്ത് ഇന്നറിയപ്പെടുന്ന പരിഷ്കൃത രാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിന്റെ സ്ഥിതി നോക്കാം. ആ രാജ്യം സ്ത്രീയെ മാത്രമല്ല, സീമന്തപുത്രനൊഴികെയുള്ള മറ്റു ആണ്‍മക്കളെപ്പോലും അനന്തരാവകാശമെടുക്കാന്‍ അനുവദിച്ചിരുന്നില്ല. മൂത്ത പുത്രന്റെ കരുണക്കനുസരിച്ച് കുടുംബത്തിലെ മറ്റംഗങ്ങള്‍ ജീവിച്ചുകൊള്ളണമെന്നായിരുന്നു അവരുടെ നിയമം. ഈ ദുരവസ്ഥയില്‍ നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് മോചനം ലഭിച്ചത് 1882ല്‍ പാസാക്കിയെടുത്ത വിവാഹിതകളായ സ്ത്രീകളുടെ ധനനിയമം (ങമൃൃശലറ ണീാലി’ െജൃീുലൃശേല െഅര)േ മൂലമായിരുന്നു. ഇതില്‍നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് സ്വത്താവകാശം ലഭിച്ചിട്ട് 134 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് മനസ്സിലാക്കാം.
ഇനി സോവിയറ്റ് റഷ്യയെടുക്കാം. 1917ല്‍ റഷ്യന്‍ വിപ്ലവം കഴിഞ്ഞു പിന്നെയും പത്തുവര്‍ഷം പിന്നിട്ടതിനുശേഷം 1927ലാണ് ഒരു കുടുംബനിയമത്തിന് അവര്‍ക്ക് രൂപം നല്കാന് സാധിച്ചത്. റഷ്യന്‍ വനിതകളോട് ആ രാജ്യത്തിന് കുറേയെങ്കിലും നീതിപാലിക്കാന്‍ കഴിഞ്ഞത് 54 വര്‍ഷം മുമ്പാണ്.
മറ്റൊരു വികസിത രാഷ്ട്രമായ ജനകീയ ചൈന റിപ്പബ്ലിക്കാണെങ്കില്‍ 1952ലാണ് സ്വന്തമായി ഒരു ഫാമിലികോഡ് നടപ്പിലാക്കിയത്. ചൈനയും സ്ത്രീ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കിയത് 64 വര്‍ഷം മുമ്പാണ്.
ഇറ്റലിക്കാണെങ്കില്‍ ഒരു കുടുംബ നിയമമുണ്ടായത് 1919ലാണ്. ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല.
യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ച് ചിന്തിച്ചതുതന്നെ ഫ്രഞ്ചുവിപ്ലവത്തിനു ശേഷമാണ്.
നമ്മുടെ മഹത്തായ ഈ രാഷ്ട്രത്തിന്റെ ചരിത്രവും ഈ വിഷയത്തില്‍ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ലെന്നു കാണാം. ഹൈന്ദവ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലംവരെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി പ്രകാരം ഓരോ തറവാട്ടിലെയും കാരണവരാണ് സ്വത്ത് കൈവശം വെച്ചും നിയന്ത്രിച്ചും പോന്നിരുന്നത്. സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല കുടുംബത്തിലെ മറ്റു പുരുഷാംഗങ്ങള്‍പോലും അതതുകാലത്തെ തറവാട്ടു കാരണവരുടെ കണക്കനുസരിച്ച് ജീവിച്ചുകൊള്ളണമെന്നായിരുന്നു നിയമം. തന്നിമിത്തം ഉത്തരവാദിത്വബോധമില്ലാതെ തോന്നിയതുപോലെ പ്രവൃത്തിച്ചിരുന്ന ചില കാരണവരുടെ ദുര്‍ഭരണത്തിനു വിധേയമായി നശിച്ചുപോയ എത്രയോ കുടുംബങ്ങളുണ്ട്. ഈ ദുരവസ്ഥയില്‍ നിന്നും ഹൈന്ദവ സഹോദരികള്‍ വിമുക്തരായതും, അനന്തരാവകാശത്തിന് അര്‍ഹരായതും ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ്സാക്കപ്പെട്ട ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരമാണ്. ലോകത്തിലെ ഇതര രാഷ്ട്രങ്ങളുടെയും സമുദായങ്ങളുടെയും സ്ഥിതി ഇതായിരുന്നുവെങ്കില്‍ ഇസ്ലാം ഈ രംഗത്ത് നീതിപൂര്‍വകവും, സവിസ്തര വ്യവസ്ഥകളോടുകൂടിയതുമായ ഒരു പിന്തുടര്ച്ചാവകാശനിയമം മാനവരാശിക്കുമുമ്പാകെ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളല്ല നൂറ്റാണ്ടുകള്‍തന്നെ പതിനഞ്ചു പിന്നിട്ടുവെന്നതാണ് വാസ്തവം. അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സമൂഹത്തില്‍ സ്ത്രീക്ക് അവളര്‍ഹിക്കുന്ന ആദരവും, അവകാശവും നല്കി അനുഗ്രഹിച്ച ഇസ്ലാമിന്റെ പിന്തുടര്ച്ചാവകാശ നിയമത്തില്‍ ഇന്ന് പേരായ്മകള്‍ ദര്‍ശിക്കുന്നവര്‍ ഇസ്ലാമിക നിയമത്തിന്റെ അന്തസ്സത്ത ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണം പ്രവാചകന് (സ.അ) യുടെ കാലത്ത് തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു വള്ളിക്കും പുള്ളിക്കും മാറ്റം വരാത്ത വിധത്തില്‍ അത് ഇന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്. പിന്തുടര്ച്ചാവകാശത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള അതിലെ ഒരു പരാമര്‍ശം കാണുക- ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ പുരുഷന്മാര്ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. അതില്‍നിന്നു കുറഞ്ഞതിലും അധികരിച്ചതിലും നിര്‍ണയിക്കപ്പെട്ട ഓഹരിയായി” (വിശുദ്ധ ഖുര്‍ആന്‍ 4:7).
ഇതില്‍നിന്നും ഇസ്ലാം സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കിയിട്ട് പതിനഞ്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടുവെന്ന ചരിത്ര സത്യത്തെ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പരമാര്‍ത്ഥത്തിനുനേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും അടുത്ത കാലങ്ങളില്‍ മാത്രം വെളിച്ചം കണ്ട ഇതര പിന്തുടര്ച്ചാവകാശ നിയമങ്ങളുടെ വെളിച്ചത്തില്‍ ഇസ്ലാമിലെ പിന്തുടര്ച്ചാവകാശ നിയമത്തിന്റെ കാലിക പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ ഒരു ആക്ഷേപം ആണ്മക്കള്ക്കും പെണ്‍മക്കള്‍ക്കുമിടയില്‍ ഇസ്ലാം വിവേചനം കാണിക്കുന്നുവെന്നതാണ്. മക്കളെയെല്ലാം ഒരുപോലെ ഗണിക്കുന്നതിനുപകരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രമേ നല്‍കുന്നുള്ളൂവെന്നാണ് അവരുടെ പരാതി.
ഇസ്ലാമിക നിയമങ്ങളുടെ ഉല്‍പ്പത്തിയെയും, പവിത്രതയെയുംപറ്റി ശരിക്കും ഗ്രഹിച്ചിട്ടില്ലാത്ത സഹോദര സമുദായങ്ങളില്‍ നിന്നുള്ള ഇത്തരം വിമര്‍ശനങ്ങളില്‍ നമുക്ക് അത്ഭുതം തോന്നേണ്ടതില്ല, ഇസ്ലാമിക നിയമങ്ങളെ മുന്‍വിധിയൊന്നും കൂടാതെ പരിശോധിച്ച വിശ്വവിശ്രുതരായ പല അമുസ്ലിം ചിന്തകന്മാരും മുസ്ലിം പിന്തുടര്ച്ചാവകാശ നിയമത്തെ മുക്തകണ്ഠം പ്രശംസിച്ചതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. മതതാരതമ്യ ശാസ്ത്രത്തില്‍ പഠനം നടത്തിയ ലോകപ്രശസ്ത ചിന്തകനായിരുന്ന അല്‍മാരിക്ക് റുംസി അദ്ദേഹത്തിന്റെ ”മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ്” എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ അവതാരികയില്‍ രേഖപ്പെടുത്തിയതു കാണുക- ”പരിഷ്കൃത ലോകത്തിന് അറിയാന്‍ സാധിച്ചിട്ടുള്ള സ്വത്ത് ആപാദന ചട്ടങ്ങളില്‍ വെച്ചേറ്റവും സംസ്കരിച്ചതും, സവിസ്തര വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് മുഹമ്മദന്‍ പിന്തുടര്ച്ചാവകാശ നിയമമെന്നതില്‍ സംശയമില്ല. പഠനാര്‍ഹമായ അതിന്റെ ചാരുതയും, ഘടനാപൊരുത്തവും അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ മാത്രമല്ല ചിന്താശീലരായ വ്യുല്‍പന്നമതികളെയും കൂടി ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളാണ്. നമ്മുടെ സ്വന്തം നിയമം ശൈശവദശപോലും പ്രാപിക്കാതെ വെറും ഭ്രൂണദശയിലായിരുന്ന കാലത്തുതന്നെ അറേബ്യയിലെ പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും നടപ്പില്‍വരുത്തിയ വ്യവസ്ഥകള്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചുകഴിഞ്ഞിരുന്നു.” ആധുനികത്വത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും പേരില്‍ മുസ്ലിം പിന്തുടര്ച്ചാവകാശ നിയമത്തില്‍ അപാകതകളുണ്ടെന്ന് വാദിക്കുന്ന മുസ്ലിം നാമധാരികളുടെ കാര്യമാണത്ഭുതം. മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് ഇന്ത്യന്‍ മുസ്ലിംകള്ക്ക് ബ്രിട്ടീഷുകാരുടെ ഭരണകാലത്തുതന്നെ ബാധകമാക്കിയിട്ടുള്ള മുഹമ്മദന്‍ നിയമമല്ല, യഥാര്‍ത്ഥ ശരീഅത്ത് നിയമമാണെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. നിലവിലുള്ള മുസ്ലിം വ്യക്തിനിയമത്തില്‍ ചില അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമാണ് മുസ്ലിം വ്യക്തിനിയമം ഇന്ത്യന്‍ മുസ്ലിംകള്ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ബാധകമാക്കിയത്. 1937ലെ ശരീഅത്ത് ആക്ട് പ്രകാരം പിന്തുടര്ച്ചാവകാശം, ആശ്രിതര്‍ക്ക് ചെലവു നല്കല്, മഹ്റ്, രക്ഷാകര്‍ത്തൃത്വം, ദാനം, ട്രസ്റ്റ് മുതലുകള്‍, വഖ്ഫ് എന്നീ കാര്യങ്ങളില്‍ കക്ഷികള്‍ മുസ്ലിംകളാണെങ്കില് മുസ്ലിം വ്യക്തിനിയമമനുസരിച്ച് വിധിക്കണമെന്നാണ് നിയമം. എന്നാല്‍ ഇന്ന് നിലവിലുള്ള മുസ്ലിം വ്യക്തിനിയമത്തിലെ വകുപ്പുകള്‍ യഥാര്‍ത്ഥ ശരീഅത്തിന്റ താല്പര്യങ്ങള് പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ലെന്ന പരമാര്‍ത്ഥവും മറച്ചുവെക്കാവതല്ല. അത്തരം വകുപ്പുകള്‍ മുസ്ലിം മതപണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്ത് ശരീഅത്തിന്റെ യഥാര്‍ത്ഥ താല്പര്യങ്ങള്ക്കനുസൃതമായി മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്യപ്പെടുകയാണെങ്കില്‍ അത് മുസ്ലിം സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കുമെന്നതില്‍ സംശയമില്ല. നേരെ മറിച്ച് നിലവിലുള്ള വ്യക്തിനിയമങ്ങള്‍കൂടി തുടച്ചുമാറ്റി അതിന്റെ സ്ഥാനത്ത് ഒരു പൊതു സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുകയെന്നത് മഹത്തായ നമ്മുടെ ഭരണഘടനയോടും, ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളോടും ചെയ്യുന്ന കടുത്ത അനീതിയുമായിരിക്കും.
ഉത്തരവാദപ്പെട്ട അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ അവസരം ലഭിച്ചിട്ടുള്ള ചില മുസ്ലിം നാമധാരികള്‍ പരിതസ്ഥിതിക്കനുസരിച്ച് വേഷം കെട്ടുന്നതിലാണ് തങ്ങളുടെ നിലനില്‍പ്പും വിജയവും സ്ഥിതി ചെയ്യുന്നതെന്നോര്‍ത്ത് ഏക സിവില്‍കോഡിന് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ മുസ്ലിം മതപണ്ഡിതന്മാരുടെയോ, ജനസാമാന്യത്തിന്റെയോ പിന്തുണ അവര്‍ക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ചുരുക്കത്തില്‍ ഇസ്ലാമിനെയും ഇസ്ലാമിന്റെ പിന്തുടര്ച്ചാവകാശ നിയമത്തെയും കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയുമാണ് വിമര്‍ശനത്തിന് കാരണമെന്ന് പറയാം. ഇസ്ലാമിക നിയമങ്ങളെല്ലാം വ്യക്തമായ ചില തത്വങ്ങളിലധിഷ്ഠിതമാണെന്ന് നിഷ്പക്ഷ ചിന്തകന്മാര്ക്ക് ബോധ്യപ്പെടുന്നതാണ്. യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ഒരു നിയമവും ഇസ്ലാമിലില്ല. അതിന്റെ മൂലോല്‍പ്പത്തി സര്‍വജ്ഞനായ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളടങ്ങിയ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണെന്നതാണ് അതിനുള്ള കാരണം.
സ്ത്രീപുരുഷന്മാരുടെ അവകാശ വിഹിതങ്ങളിലുള്ള വ്യത്യാസത്തിന്റെ കാരണവും മതപ്രമാണങ്ങളുടെ വെളിച്ചത്തില്‍തന്നെ മനസ്സിലാക്കാം. (തുടരും)
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala16 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

