Connect with us

Video Stories

കോള ഒഴിഞ്ഞുപോയ പ്ലാച്ചിമട

Published

on

 
പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത് അവിടെ അമേരിക്കന്‍ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതുകൊണ്ടായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം പ്ലാച്ചിമട വാര്‍ത്തയിലിടം നേടിയത് തദ്ദേശ ജനതയുടെ വിഭവങ്ങളില്‍ മാലിന്യം കലര്‍ത്തിയും കുടിവെള്ളം മുട്ടിച്ചും നടത്തിയ കോടിക്കണക്കിന് രൂപയുടെ പകല്‍കൊള്ളയുടെ പേരില്‍കൂടിയാണ്. ഇക്കഴിഞ്ഞ ജൂലൈ 13ന് സുപ്രീംകോടതിയില്‍ കൊക്കകോള നല്‍കിയ സത്യവാങ്മൂലപ്രകാരം ഇനി പ്ലാച്ചിമടയിലെ തങ്ങളുടെ പ്ലാന്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുകയാണ്. വിഷ പാനീയത്തിനപ്പുറം പ്രാദേശിക ജനകീയാധികാരത്തിനുമേല്‍ ഏത് കുത്തക കൊലകൊമ്പനും പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവ് ഉത്പാദിപ്പിക്കുകയാണ് ഇപ്പോള്‍ പ്ലാച്ചിമട. ലോകത്തെ അത്യപൂര്‍വമായ ധര്‍മസമരങ്ങളുടെ വിജയത്തിന്റെ പട്ടികയിലേക്ക് പ്ലാച്ചിമട ഉയര്‍ന്നത് നിസ്തുലമായ ഏതാനും സമരക്കാരുടെ നിലക്കാത്ത ആത്മവീര്യവും കര്‍മകുശലതയും കൊണ്ടായിരുന്നു. ഇന്ത്യയിലൊരിടത്തും കുടിവെള്ളകമ്പനി തുടങ്ങാന്‍ പര്യാപ്തമായ അന്തരീക്ഷമല്ല ഉള്ളതെന്ന തിരിച്ചറിവാണ് കോളയെ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
1996-2001ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കോള കമ്പനിയുടെ പാനീയോല്‍പാദനശാല ആരംഭിക്കുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും എ.കെ.ജിയുടെ ഭാര്യ സുശീലഗോപാലന്‍ വ്യവസായ വകുപ്പുമന്ത്രിയും ജനതാദളിലെ കെ.കൃഷ്ണന്‍കുട്ടി ജനപ്രതിനിധിയുമായിരിക്കെയാണ് 2000ല്‍ കൊക്കകോളയുടെ കുടിവെള്ള ഫാക്ടറി കേരള സര്‍ക്കാരിന്റെ വ്യവസായാനുമതിക്കുള്ള ഗ്രീന്‍ചാനല്‍വഴി ഉത്പാദനം ആരംഭിക്കുന്നത്. പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന കമ്പാലത്തറ ഏരിയിലെ സമൃദ്ധമായ ജലവും ഒരിക്കലും വറ്റില്ലെന്ന് കരുതിയ ഭൂഗര്‍ഭ ജലസ്രോതസ്സിലുമായിരുന്നു കോള ഭീമന്റെ കഴുകന്‍ കണ്ണുകള്‍. ഇതിനായി ഉപഗ്രഹം അടക്കം അന്താരാഷ്ട്രീയമായ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഭൂഗര്‍ഭജലം കണ്ടെത്തിയത്. കുഴല്‍ കിണറില്‍ നിന്ന് മാത്രമല്ല, പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുഴല്‍കിണറുകളില്‍ നിന്നും ഏരികളില്‍ നിന്നും തുറന്നകിണറുകളില്‍ നിന്നുംവരെ വെള്ളം വിലകൊടുത്തും കമ്പനിക്കകത്ത് പത്തോളം കുഴല്‍കിണറുകള്‍ നിര്‍മിച്ചുമൊക്കെയാണ് കുടിവെള്ളം ഊറ്റിയെടുത്തത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണിയിലേക്ക് കോള ഉത്പന്നങ്ങളെത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ഈ പ്രദേശത്തെ കണ്ണുവെക്കാനുള്ള ഉദ്ദേശ്യത്തിന് പിന്നില്‍. ഇടതുപക്ഷ സര്‍ക്കാരാകട്ടെ സംസ്ഥാനത്തേക്ക് അമേരിക്കന്‍ ഭീമനെ കൊണ്ടുവന്നതിലും ഏതാനും പേര്‍ക്ക് തൊഴില്‍ കൊടുക്കാനായതിലും അഭിമാനിക്കുകയും ചെയ്തു. 2000 ജനുവരി 25നാണ് കമ്പനിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത്.
കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞുതുടങ്ങിയത് വൈകാതെയായിരുന്നു. ആദ്യമാദ്യം കോളയുടെ മാലിന്യങ്ങള്‍ അടുത്തുള്ള പറമ്പുകളിലും തെങ്ങിന്‍ ചുവടുകളിലും കൃഷിയിടങ്ങളിലുമൊക്കെയാണ് കമ്പനി നിക്ഷേപിച്ചത്. ഇതോടെ ചെറുതായി കണ്ടുതുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നാട്ടുകാരായ ആദിവാസികളടക്കമുള്ളവരുടെ തീരാശാപമായി മാറിയത് വൈകാതെയായിരുന്നു. ആയിരത്തോളം കുടുംബങ്ങളെയാണ് ഗുരുതരമായി ബാധിച്ചത്. സമീപത്തെ സാദാകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനാകാതെ കുടിവെള്ളം മുട്ടിയപ്പോള്‍ കമ്പനി അവരുടെ കോമ്പൗണ്ടിനകത്തുനിന്ന് സമീപത്തുള്ളവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തുതുടങ്ങി. പ്രദേശത്തുള്ളവരില്‍ ചിലര്‍ കമ്പനിക്കെതിരെ പ്രതിഷേധം ആരംഭിച്ചത് 2002 മുതലായിരുന്നു. ഇതോടെ സര്‍ക്കാരും പാര്‍ട്ടിക്കാരും ഇളകി. അതുവരെയും കമ്പനിക്ക് വെള്ളം വിറ്റ ജനതാദള്‍ നേതാവും കൂട്ടരും ഗത്യന്തരമില്ലാതെ കമ്പനിക്കെതിരെ തിരിഞ്ഞു. ഇടതു സര്‍ക്കാര്‍ മാറി യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ വാദികള്‍ പ്രതികളാകുന്ന കാഴ്ചയായി. പറമ്പിക്കളും പ്രദേശത്തുനിന്ന് കേരളത്തിന് തമിഴ്‌നാട് കരാര്‍ പ്രകാരം നല്‍കി വന്നിരുന്ന സ്ഥലത്താണ് കോളകമ്പനിയുടെ പ്ലാന്റും ജലമൂറ്റലും.
മലസര്‍, എരവാളര്‍ എന്നീ രണ്ട് ആദിവാസികളുടെ കോളനികളാണ് പ്രദേശത്തുണ്ടായിരുന്നത്. അവരും സമരരംഗത്തെത്തിയതോടെ സര്‍ക്കാരിന് നടപടിയുമായി മുന്നോട്ടുപോകേണ്ടിവന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പഞ്ചായത്തീരാജ് നിയമമനുസരിച്ച് നല്‍കിയ ലൈസന്‍സ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കേസുമായി കമ്പനി കോടതികള്‍ കയറി. തങ്ങളുടെ വ്യവസായത്തിന് പ്രത്യേകാനുമതിയുണ്ടെന്നും അഞ്ചു വര്‍ഷത്തേക്ക് സമരം പാടില്ലെന്നുമൊക്കെയായിരുന്നു കമ്പനിയുടെ വാദമുഖങ്ങള്‍. 34.4 ഏക്കര്‍ ഭൂമിയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ ഫാക്ടറിയുടെ കുടിവെള്ളമൂറ്റിനും മാലിന്യം തള്ളലിനുമെതിരെ ആദിവാസി വിഭാഗത്തുനിന്നുതന്നെ മയിലമ്മ എന്ന വീട്ടമ്മ രംഗത്തുവന്നതോടെ സമരം അന്താരാഷ്ട്ര തലത്തിലെത്തി. കൊച്ചബാംബ പോലുള്ള വിവിധ വിദേശ നാടുകളില്‍, കുടിവെള്ളത്തിന് മേല്‍ വ്യവസായ ഭീമമന്മാര്‍ നടത്തിയചൂഷണവും ജനകീയപ്രതിരോധവുമൊക്കെ ലോകത്ത് ആദ്യമായി പൊതുശ്രദ്ധയിലേക്കും ചൂടേറിയ ചര്‍ച്ചകളിലേക്കും വന്ന സമയത്തായിരുന്നു പ്ലാച്ചിമടയിലെ ലളിതമായി ആരംഭിച്ച പ്രതിഷേധം. നിരവധി ഓഫറുകളും പണവുമായി കമ്പനി പ്രതിനിധികള്‍ സമരക്കാരുടെ പിന്നാലെ കൂടിയെങ്കിലും ജനങ്ങളൊട്ടാകെ സമരം ഏറ്റെടുത്തതോടെ ഇതിന് പഴുതില്ലാതായി. ഡോ. സുകുമാര്‍ അഴീക്കോടും ഡോ. വന്ദനശിവയെപോലുള്ളവരും രാഷ്ട്രീയ നേതാക്കളും സമരപ്പന്തലിലെത്തുകയും ലോക ജല സമ്മേളനം പോലുള്ള വന്‍പരിപാടികള്‍ സംഘടിപ്പിച്ച് കേരളത്തിന്റെയും ഇന്ത്യയുടെയും ജലത്തിനും പ്രാദേശിക ജനതയുടെ അധികാരത്തിനുമുള്ള അവകാശം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 2002 ഏപ്രില്‍രണ്ടിന് ആരംഭിച്ച സമരം വിജയം കണ്ടത് 2005ലായിരുന്നു. കോള വിരുദ്ധ ജനകീയ സമരസമിതി എന്ന പേരിലാണ് സമരം തുടങ്ങിയത്. ഇതിനകം മുസ്‌ലിംയൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകള്‍ കോളവിരുദ്ധ ആചരണങ്ങളും സമരപരിപാടികളുമായി രംഗത്തെത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ കോളക്ക് വയ്യെന്നായി. ജനം കോള കുടിയില്‍ നിന്ന് പിന്‍വലിഞ്ഞു. ഇതിനിടെ തന്നെയാണ് ഡല്‍ഹിയില്‍ നിന്ന് കോളയിലെ മാരകകീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പുറത്തുവന്നത്.
വിളയോടി വേണുഗോപാല്‍, അജയന്‍, അറുമുഖന്‍ പത്തിച്ചിറ, തൃശൂരിലെ കേരളീയം മാസിക തുടങ്ങിയവര്‍ സദാസമയവും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടി, പാര്‍ട്ടി ജില്ലാ നേതാക്കളായ കല്ലടി മുഹമ്മദ്, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, കര്‍ഷക സംഘം നേതാവ് കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവരും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ജാഗരൂകരായി സമരത്തിന് സര്‍വാത്മനാ പിന്തുണ നല്‍കി. 2003 ജനുവരി ആറിന് ഹൈക്കോടതിയുടെ സുപ്രധാനവിധിയുടെ സാരാംശം ഇങ്ങനെയായിരുന്നു. കുടിവെള്ളം പൊതുസ്വത്താണ്. ഇത് സംരക്ഷിക്കുന്ന ട്രസ്റ്റായ സര്‍ക്കാരിന് ഒരു സ്വകാര്യ കമ്പനി യഥേഷ്ടം വെള്ളം എടുത്തുകൊണ്ടുപോകുന്നതിന് അനുമതി നല്‍കാനാവില്ല. സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കണ്ടെത്തലിലും പ്ലാച്ചിമട അമിതമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്തതായി കണ്ടെത്തിയിരുന്നു. 2004ലായിരുന്നു ലോക ജല സമ്മേളനം പ്ലാച്ചിമടയില്‍ അരങ്ങേറിയത്. 2005ല്‍ ഹൈക്കോടതി ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനകം ഭൂഗര്‍ഭ ജല അതോറിറ്റിയുടെ റിപ്പോര്‍ട്ടും മാനദണ്ഡങ്ങളും കോളക്കെതിരായിരുന്നു. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ 2006 ജനുവരിയിലാണ് കോള പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
2011 ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കോള നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടും അത് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചുകൊടുത്തില്ല. ഇനി പ്ലാച്ചിമടക്കാര്‍ കാത്തിരിക്കുന്നത് തങ്ങളുടെ ജീവിതം മുച്ചൂടും പാപ്പരാക്കിയ കോള ഭീമനില്‍ നിന്ന് വിചാരണ വഴി നഷ്ടപരിഹാരം നേടിയെടുക്കുക എന്നതാണ്. മാലിന്യവും കുടിവെള്ള നഷ്ടവും കണക്കാക്കി 2.1626 ദശലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പതിന്മടങ്ങാണ് യഥാര്‍ഥത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുകൂടി സാധിച്ചെടുത്താല്‍ മാത്രമേ പ്ലാച്ചിമടക്കാരുടെ രണ്ടു പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിന് ശുഭപര്യവസാനമാകൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending