X

ഗോളില്‍ ആറാടി പി.എസ്.ജി

ഗ്ലാസ്‌ഗോ: നെയമര്‍, എംബപ്പെ എന്നിവരുടെ കോടിക്കിലുക്കത്തിലൂടെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക്കിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കി.
പി.എസ്.ജിയുടെ സൂപ്പര്‍ ത്രയങ്ങളായ നെയ്മര്‍, കിലിയന്‍ എംബപ്പെ, കവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കെല്‍റ്റിക് ഒരു സെല്‍ഫ് ഗോളും വഴങ്ങി. 264 മില്യന്‍ ഡോളറിന് പി.എസ്.ജിയിലെത്തിയ ബ്രസീലിയന്‍ താരം നെയ്മര്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും നേടുന്ന അഞ്ചാം ഗോളാണ് കെല്‍റ്റിക്കിനെതിരെ പിറന്നത്. 19-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിറ്റിന്റെ പാസില്‍ നിന്നുമാണ് നെയ്മര്‍ പി.എസ്.ജിയുടെ ആദ്യ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്നും കിലിയന്‍ എംബപ്പെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ആറ് മിനിറ്റിന് ശേഷം എഡിസന്‍ കവാനി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ പി.എസ്.ജി 3-0ന് മുന്നിലെത്തി. ഇടവേളക്കു ശേഷം 83-ാം മിനിറ്റില്‍ കവാനിയുടെ ഹെഡര്‍ തടയാനുള്ള ശ്രമത്തിനിടെ കെല്‍റ്റിക് താരം മൈക്കല്‍ ലസ്റ്റിങിന്റെ ശ്രമം സെല്‍ഫ്് ഗോളായി പരിണമിച്ചു.
രണ്ട് മിനിറ്റിന് ശേഷം എഡിസന്‍ കവാനി ഗോള്‍ പട്ടിക പൂര്‍ത്തീകരിച്ചു. എതിരാളികളുടെ തട്ടകത്തില്‍ നേടിയ അഞ്ചു ഗോളിന്റെ ലീഡ് പി.എസ്.ജിയുടെ ആത്മ വിശ്വാസം ഉയര്‍ത്തുന്നതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ഭീമന്‍മാരായ ബയേണ്‍ മ്യൂണിക് സ്വന്തം തട്ടകത്തില്‍ ബെല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലെക്റ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു.
പന്ത്രണ്ടാം മിനിറ്റില്‍ ആന്‍ഡര്‍ലെക്റ്റ് താരം സ്വന്‍ കും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ആന്‍ഡര്‍ലക്റ്റ് കളി പൂര്‍ത്തിയാക്കിയത്. 12-ാം മിനിറ്റില്‍ ആന്‍ഡര്‍ലെക്റ്റ് സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.
ടോളിസോ നല്‍കിയ പാസ് സ്വീകരിക്കുന്നതിനിടെ ലെവന്‍ഡോസ്‌കിയെ സ്വന്‍ കും ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വെവന്‍ഡോസ്‌കി തന്നെ വലയിലാക്കി. പത്തു പേരായി ചുരുങ്ങിയതോടെ ബയേണിന്റെ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പലപ്പോഴും ആന്‍ഡര്‍ ലെക്റ്റ് പാടുപെട്ടു.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയ ബയേണ്‍ 65-ാം മിനിറ്റില്‍ തിയാഗോ അല്‍കാന്‍ഡറയിലൂടെ ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു ബയേണിന്റെ മൂന്നാം ഗോള്‍ പിറന്നത്. ബോട്ടങിന്റെ പാസില്‍ നിന്നും ജോഷുവ കിമ്മിച്ചാണ് ഗോള്‍ നേടിയത്.

chandrika: