X

ട്രാഫിക് നിയമ ലംഘനം പിഴയായി ഈടാക്കിയത് 63.06 കോടി രൂപ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തത് 38.21 ലക്ഷം കേസുകള്‍. 41,55 ലക്ഷം പെറ്റിക്കേസുകളും എടുത്തിട്ടുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈബി ഈഡന്റെ ചോദ്യത്തിന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. പിഴയിനത്തില്‍ 63,06,97,200 രൂപ വരുമാനവും ലഭിച്ചു. ഒമ്പതുമാസത്തിനിടെ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തവരില്‍ നിന്ന് 18,46 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 397 കോടിയുടെ 29 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവരെ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തില്‍ 12 മാസത്തെയും കെട്ടിടവിഭാഗത്തില്‍ 7 മാസത്തേയും ദേശീയ പാത വിഭാഗത്തില്‍ 5 മാസത്തേയും കുടിശിക കരാറുകാര്‍ക്ക് നല്‍കാനുണ്ട്. നോട്ട് അസാധുവാക്കലിന്റെ ഫലമായി സംസ്ഥാനത്ത് വസ്തുവില്‍പന കുറഞ്ഞിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 5. 94 ശതമാനമാണ് കുറവ്. റജിസ്ട്രഷന്‍ നടപടികള്‍ തടസപ്പെടുന്നത് വഴി പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി റജിസ്‌ട്രേഷന്‍ ഫീസ് ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന സ്വീകരിക്കുന്നതിന് റജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇക്കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 8 പേരെ സ്ഥലം മാറ്റുകയും 9 പേരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സ് വിഭാഗം 57 ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ ചീഫ് എഞ്ചിനീയര്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, ഓഫീസ് ജീവനക്കാരും ഉള്‍പ്പെടുന്നു. കേസുകളുടെ അന്വേഷണ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.

chandrika: