എഎഫ്‌സി കപ്പിലെ ആദ്യ മത്സരത്തില്‍ എ.ടി. കെ മോഹന്‍ ബഗാനെ തകര്‍ത്തെറിഞ്ഞ് ഗോകുലം കേരള എഫ് സി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ശക്തരായ  മോഹന്‍ബഗാനിനെ ഗോകുലം പരാജയപ്പെടുത്തിയത്. ഇതോടെ ഐ ലീഗില്‍ കിരീടം നേടാന്‍ നടത്തിയ പ്രകടനം എഎഫ്‌സി കപ്പിലും തുടര്‍ന്നിരിക്കുകയാണ് ഗോകുലം എഫ് സി.

ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്. ഗോകുലത്തിനായി ലൂക മെയ്‌സന്‍ ഇരട്ട ഗോളുകള്‍ നേടി. 50ാം മിനുട്ടിലാണ് ലൂക ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മൂന്ന് മിനുട്ടിനുള്ളില്‍ എ.ടി.കെയുടെ പ്രീതം കോട്ടല്‍ ഗോള്‍ നേടി സമനില കണ്ടെത്തി.

57ാം മിനുട്ടില്‍ റിശാദിലൂടെ ഗോകുലം വീണ്ടും ലീഡ് കരസ്ഥമാക്കി. പിന്നാലെ 65ാം മിനുട്ടില്‍ മറ്റൊരു ഗോളിലൂടെ ലൂക ലീഡ് വര്‍ധിപ്പിച്ചു. ലിസ്റ്റണ്‍ എ.ടി. കെയുടെ രണ്ടാം ഗോള്‍ 80ാം മിനുട്ടിലാണ് നേടിയത്. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കിനില്‍ക്കെ ഗോകുലത്തിനായി 89ാം മിനുട്ടില്‍ ജിതിന്‍ നാലാം ഗോള്‍ നേടി മത്സരം സീല്‍ ചെയ്തു.