പുതുതായി രൂപവത്കരിച്ച ജില്ലയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ പ്രതിഷേധം ശക്തം. കൊനസീമ ജില്ലയുടെ പേര് ബിആര്‍ അംബേദ്കര്‍ കൊനസീമ എന്നാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു. അമലപുരം ടൗണില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും 20 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗതാഗത വകുപ്പ് മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീടും എം.എല്‍.എ പൊന്നാട സതീഷിന്റെ വീടും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു. പ്രതിഷേധക്കാര്‍ ഒരു പൊലീസ് വാഹനവും കോളേജ് ബസും കത്തിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുമാണ് കൊനസീമ ജില്ല രൂപീകരിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍, ജില്ലയുടെ പേര് ബിആര്‍ അംബേദ്കര്‍ കൊനസീമ എന്നാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി തനതി വനിത അറിയിച്ചു.