വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞത്തിന് ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുവെന്ന്  കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

നേരത്തെ വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയായിരുന്നു തള്ളിയത്. അതേസമയം പി.സി.ജോര്‍ജിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

പി.സി ജോര്‍ജ് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തനിക്കെതിരെ സര്‍ക്കാര്‍ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായികൊണ്ട് പി സി ജോര്‍ജ് അത് വീണ്ടും ആവര്‍ത്തിച്ചിരുന്നു.