സ്വന്തം ലേഖകന്‍
തിരുവനന്തപുരം

തൃക്കാക്കര വിധിയെഴുതാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിനിടെ ‘സെഞ്ച്വറിയടിക്കുമോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘വരട്ടെ, നോക്കാം’ എന്നുമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തൃക്കാക്കരയില്‍ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആത്മവിശ്വാസക്കുറവാണ് പ്രതിഫലിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളെല്ലാം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കു പക്ഷേ, തൃക്കാക്കരയില്‍ അത്തരമൊരു പ്രതീക്ഷ പങ്കുവെക്കാനാകുന്നില്ല. സില്‍വര്‍ ലൈന്‍ അടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തൃക്കാക്കരയില്‍ യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് ഇതിനകം ജനശ്രദ്ധ ലഭിച്ചിട്ടുണ്ട്. പ്രായോഗികമല്ലാത്ത വികസനത്തിന്റെ പേരില്‍ ജനത്തെ കുടിയിറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തൃക്കാക്കരയില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കു തന്നെ ഇല്ലാതായതിനു കാരണം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെന്നാണ് സൂചന.

പാര്‍ട്ടിക്കു പുറത്തുനിന്നുള്ളയാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതു മുതല്‍ സി.പി.എമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പി.ടി തോമസിന്റെ സഹധര്‍മിണി എന്നതിലുപരി വ്യക്തമായ രാഷ്ട്രീയം പറഞ്ഞുതന്നെയാണ് ഉമാതോമസ് വോര്‍ട്ടര്‍മാരെ കാണുന്നത്. ഇതാകട്ടെ തൃക്കാക്കരയുടേതായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം തന്നെയാണ് വിജയം ഉറപ്പുപറയാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിക്കുകയാണ്. തദ്ദേശ തിരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.