ഷിബു മീരാന്‍

സി.പി.എമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ ഗ്രസിന് കണ്ണൂരില്‍ ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഏറെ അകലെയാണ്. കെ റെയില്‍ എന്ന പേരില്‍ നടപ്പാക്കാനിരിക്കുന്ന ഇനിയും കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതി, കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ബൃഹത്തായ, ഏറ്റവും പ്രകൃതി വിഭവങ്ങള്‍ വേണ്ട, വലിയ കുടിയൊഴിപ്പിക്കല്‍ അനിവാര്യമായ പദ്ധതിയെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സാമ്പത്തികവും സാമൂഹികവും പാരസ്ഥികവുമായ ആശങ്കകളെക്കുറിച്ചുള്ള ന്യായമായ ആശങ്കകളെയും മുഖ്യമന്ത്രിയും മന്ത്രിമാരും മുതല്‍ താഴോട്ട് ചാനല്‍ സൈദ്ധാന്തികന്‍മാര്‍ വരെ ന്യായീകരിക്കാന്‍ പാടുപെടുന്ന കാഴ്ചയാണ്.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും സ്വന്തം കൃഷിഭൂമി സംരക്ഷിക്കാന്‍ സമരം ചെയ്ത കര്‍ഷകരെ കമ്യൂണിസ്റ്റ് പൊലീസ് വെടിവച്ച് കൊന്നതിന് ശേഷവും ഭൂമി, പരിസ്ഥിതി, ജനപക്ഷ വികസനം എന്നിവയുടെ പേരിലുള്ള പൊങ്ങച്ചവര്‍ത്തമാനങ്ങള്‍ സി.പി.എം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചര്‍മ്മ ബലത്തെക്കുറിച്ച് മാത്രമാണ് കേള്‍ക്കുന്നവരില്‍ ബഹുമാനമുണ്ടാക്കുക എന്നിരിക്കിലും അതിന്റെ ഒരു അഹങ്കാരവുമില്ലാതെ സി.പി. എം പരിസ്ഥിതി രാഷ്ട്രീയം പറഞ്ഞും കവിത ചൊല്ലിയും ജാഥകള്‍ നടത്തി പോന്ന കാലത്താണ് കെ റെയില്‍ എന്ന ബോധോദയം.

കേരളത്തില്‍ സി.പി.എം നടപ്പാക്കാന്‍ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ ആര് എന്ത്‌കൊണ്ട് എതിര്‍ക്കുന്ന എന്ന ചോദ്യം പ്രസക്തമാണ്. സമരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സൃഷ്ടിയല്ല. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ സ്വയം ഏറ്റെടുത്തതാണത്. സാമൂഹ്യ ആഘാതപഠനത്തന്റെ പേരില്‍ നടക്കുന്ന മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കല്ലിടലിന്റെ പേരില്‍ കുടിയൊഴിക്കപ്പെടും എന്ന് ഭയന്നവര്‍ സ്വയം സമരമായി മാറി. പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഭാവികമായും ജനങ്ങളുടെ ആശങ്കകള്‍ ഏറ്റെടുത്തു. ഭൂമി നഷ്ടപ്പെടുന്നവരല്ല സമരം ചെയ്യുന്നത് എന്നതാണ് സമരത്തിനെതിരായ ഒന്നാമത്തെ വിമര്‍ശനം. അവനവന് നഷ്ടം വരുമ്പോള്‍ മാത്രം സമരം ചെയ്താല്‍ മതി എന്ന് കമ്യൂണിസ്റ്റുകാര്‍ പറയുന്നത് കേട്ട് മൂക്കത്ത് വിരല്‍ വച്ചുനില്‍പാണ് കേരളം. ‘അവനവനു വേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി’ എന്ന കവിതയും ഇവര്‍ തന്നെ ചൊല്ലും. ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ടവരോട് ഐക്യദാര്‍ഡ്യപ്പെടുന്നവരെ തീവ്രവാദികള്‍ എന്ന് ഇവര്‍ വിളിക്കും. പ്രപഞ്ചത്തിലെ മുഴുവന്‍ വൈരുധ്യങ്ങളെയും വിശദീകരിച്ച മാര്‍ക്‌സിന് പുനര്‍ജന്‍മ ഭാഗ്യം ഉണ്ടായെങ്കില്‍ കേരളത്തിലെ അഭിനവ ഭരണ വര്‍ഗ മാര്‍ക്‌സിസ്റ്റുകളുടെ നിലപാടുകളിലെ ഈ വൈരുധ്യംകണ്ട് ഒരു വട്ടം കൂടി പറഞ്ഞേനെ., ‘താങ്ക് ഗോഡ് ഐ ആം നോട്ട് എ മാര്‍ക്‌സിസ്റ്റ്’.

എന്തുമേതും സാമ്പത്തികമായി അളക്കുക എന്നത് മുതലാളിത്തത്തിന്റെ സവിശേഷതയാണ് എന്ന് പറഞ്ഞതും മാര്‍ക്‌സ് ആണ്. അദ്ദേഹം പറഞ്ഞ ഹൃദയശൂന്യമായ ആ റൊക്കം പണത്തിന്റെ ലാഭക്കണക്ക് പറഞ്ഞാണ് കെ റെയിലിനെ സി.പി.എം ന്യായീരിക്കുന്നത്. യാത്ര സമയം കുറഞ്ഞാല്‍ ലാഭിക്കാവുന്ന മണിക്കൂറുകളുടെ സാമ്പത്തിക മൂല്യം, ഇന്ധനത്തിന്റെ മൂല്യം അങ്ങനെ ക്യാപ്‌സൂള്‍ കണക്കുകള്‍ വാരി എറിയുകയാണ്. പക്ഷേ ഒരു കണക്കുകള്‍ക്കും പരിഹരിക്കാനാവാത്തതാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്ന നഷ്ടം. ഇതിലേറ്റവും പ്രധാനമാണ് പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക ആഘാതം. കെ റെയില്‍ പദ്ധതി ഉയര്‍ത്തുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണിയേക്കാള്‍ പ്രധാനമാണിത്. 529 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 292 കിലോമീറ്ററും മണ്‍തിട്ടയാണ്. വെറുതെ മണ്ണിട്ട് ഉയര്‍ത്തി റെയില്‍വേ ലൈന്‍ സ്ഥാപിച്ചാല്‍ പോര. കല്ലും മണ്ണും മണലും സിമന്റും ഒക്കെ വേണം. എത്ര വേണം എന്ന കൃത്യമായ കണക്ക് കെ റെയില്‍ ഡി.പി. ആറിലില്ല. 80 ലക്ഷം ലോഡ് കരിങ്കല്ല്, 50 ലക്ഷം ലോഡ് മണല്‍ എന്നൊരു കണക്ക് ശാസ്ത്ര സഹിത്യ പരിഷത്ത് ആണ് പുറത്ത്‌വിടുന്നത്. ഇത് കെ റെയില്‍ അധികൃതര്‍ നിഷേധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച, കെ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നെ ചെറുത് എന്ന് പറയാവുന്ന വിഴിഞ്ഞം പദ്ധതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കരിങ്കല്ലിന്റ ദൗര്‍ലഭ്യമാണ്. കെ റെയില്‍ പദ്ധതിക്കു വേണ്ടി കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ മുഴുവന്‍ തകര്‍ക്കാനാണോ സി.പി.എം ലക്ഷ്യം? 2018 ലെ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിനുശേഷം കേരളത്തിന്റെ വികസന കാഴ്ചപാട് പരിസ്ഥിതി സന്തുലിതം ആകണം എന്നത് ആര്‍ക്കാണറിയാത്തത്. 2019 ലും 2020 ലും 2021 ലും പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടമായ ജീവനുകളെക്കുറിച്ച് നാം ഓര്‍ക്കണ്ടേ? പ്രളയം ഒരു വാര്‍ഷിക പരിപാടി ആയിക്കഴിഞ്ഞ കേരളത്തില്‍ കെ റെയില്‍ ഉണ്ടാക്കുന്ന ആഘാതം പരിശോധിക്കപ്പെടണ്ടേ? 50000 കോടി രൂപയാണ് 2018ലെ പ്രളയമുണ്ടാക്കിയ നഷ്ടത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്ക്. ഇത്ര സാമ്പത്തിക നഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ വേണ്ടേ? ഇപ്പോള്‍ തന്നെ ചൂട് അസഹനീയമായി കുതിച്ചുയരുന്നു എന്നത് ഒരു കണക്കും പറയാതെ മലയാളിക്ക് ബോധ്യമാകുന്നതാണ്. കുടിവെള്ള ക്ഷാമവും അത് പരിഹരിക്കാന്‍ നടത്തുന്ന കുടിവെള്ള വിതരണവും നമുക്കുണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് സമുദ്രത്തിലേക്ക് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയുള്ള കേരളത്തില്‍ ഈ നെടുങ്കന്‍ നിര്‍മ്മിതി ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തെ പറ്റി ചര്‍ച്ചയേ വേണ്ട, കാരണം റെയില്‍വേ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ല എന്നാണ് മുഖ്യന്റെ ന്യായം. എന്തുവന്നാലും ഇത് നടപ്പാക്കും എന്ന ധാര്‍ഷ്ട്യം നിഷ്‌കളങ്കമല്ല എന്ന് സംശയിക്കുന്നത് ഇത് കൊണ്ടൊക്കെയാണ്.

പദ്ധതി ചിലവ്, സാമ്പത്തിക ലാഭം, യാത്രക്കാരുടെ കണക്ക്, ഭൂമി ഏറ്റെടുക്കല്‍, ബഫര്‍ സോണ്‍ അടിമുടി ദുരൂഹതയാണ്. ഇതിലൊന്നും മന്ത്രിമാര്‍ പറയുന്നതല്ല കെ റെയില്‍ എം.ഡി പറയുക. വലിയ എതിര്‍പ്പുയര്‍ത്തിയ കല്ലിടല്‍ റവന്യൂ വകുപ്പ് ചെയ്യുന്നതാണെന്ന് കെ റെയിലും അതല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രിയും പറയുന്നു. ബഫര്‍ സോണ്‍ ഇല്ലെന്ന് മന്ത്രി, ഉണ്ടെന്ന് കെ റെയില്‍ എം.ഡി. ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി തീര്‍പ്പാക്കി ബഫര്‍ സോണ്‍ ഉണ്ട്. എത്രയാണെന്ന് പക്ഷേ ആരും പറഞ്ഞിട്ടില്ല. കല്ലിട്ട ഭൂമിയില്‍ ബാങ്ക് ലോണ്‍ കിട്ടുമെന്ന് ധനമന്ത്രി. ലോണ്‍ കൊടുക്കില്ലെന്ന് ബാങ്കുകള്‍. പദ്ധതി പ്രദേശത്തെ ഭൂമിക്ക് കൈവശരേഖ പോലും നല്‍കാതെ വില്ലേജ് ആഫീസര്‍മാര്‍. പൊലീസ് കാവല്‍ നിന്നിട്ടും ജനകീയരോഷം നേരിടാനാകാതെ സര്‍വ്വേ കമ്പനി മടങ്ങി. കോടികള്‍ ചിലവാക്കി പാവപ്പെട്ടവന്റെ വീടിന്റെ അടുക്കളയിലും ആകെയുള്ള ഭൂമിയിലും സ്ഥാപിച്ച ‘ശാപ ശിലകള്‍’ ജനകീയ സമരക്കാരുടെ കൈകള്‍ കൊണ്ട് തോട്ടിലും പുഴയിലും വീണ് മോക്ഷം തേടി കടലിലേക്കൊഴുകുകയാണ്. തത്വത്തില്‍ അംഗീകാരമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. എന്നിട്ടും തുടരുന്ന പിണറായിയുടെ ധാര്‍ഷ്ട്യം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കൂട്ടക്കരച്ചില്‍. അടിമുടി അരാജകത്വം. ഇതാണ് അതിവേഗപ്പാതയുടെ പേരില്‍ ഇപ്പോള്‍ കേരളത്തിന്റെ ചിത്രം. ഭൂമിയും കിടപ്പാടവും ജീവിതവും നഷ്ടപ്പെടുന്നവന്റെ സമരത്തെ അടിച്ചമര്‍ത്താനാവില്ലെന്ന് കര്‍ഷക സമരം മോദിയെ പഠിപ്പിച്ചു. കെ റെയില്‍ സമരം പിണറായിയെ ആ പാഠം പടിപ്പിക്കും. നിസ്വന്റെ സമരക്കരുത്തിന്റെ ചരിത്രം മറ്റാര് മറന്നാലും കമ്യൂണിസ്റ്റ്കാര്‍ മറക്കരുത്. അതറിയാത്ത ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒറ്റവാക്കില്‍ ദുരന്തമാണ്. അദ്ദേഹത്തെ തിരുത്താനാകാത്ത പാര്‍ട്ടി മഹാദുരന്തവും.