അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇക്കൊല്ലത്തെ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഇന്ത്യന്‍ തീര്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ കോണ്‍സല്‍ സംഘം നീക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലവും ഹജ്ജ് കോണ്‍സല്‍ വൈ സാബിറും സഊദി ഹജ്ജ് ഉംറ വകുപ്പ് ഉപമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശാത്തുമായി കൂടിക്കാഴ്ച്ച നടത്തി.

ഇക്കൊല്ലം ഇന്ത്യയില്‍ നിന്നെത്തുന്ന 79327 തീര്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലാണ് മന്ത്രിയുമായി ഔദ്യോഗികമായി ചര്‍ച്ച നടന്നത്. തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പിന്തുണ മന്ത്രി ഉറപ്പ് നല്‍കി.

ഇതില്‍ 56000 ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ഹജ്ജിനെത്തുന്നത്. ബാക്കിയുള്ള 23327 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലുമായിരിക്കും. നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോണ്‍സല്‍ ജനറല്‍ അറിയിച്ചു. ദുല്‍ഖഅദ് ഒന്നിന് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യ ഭൂമിയില്‍ എത്തിത്തുടങ്ങും.

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുന്നത് തിങ്കളാഴ്ച്ച മുതല്‍ നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ വിസ ലഭിച്ചവര്‍ക്ക് ശവ്വാല്‍ 30 വരെ രാജ്യത്തെത്താന്‍ അവസരമുണ്ട്. ദുല്‍ഖഅദ് അവസാനത്തോടെ എല്ലാ ഉംറ തീര്‍ത്ഥാടകരും രാജ്യം വിടണമെന്നാണ് നിര്‍ദേശം. തീര്‍ത്ഥാടകരെ കൊണ്ടുവന്ന ഉംറ കമ്പനികള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടികളാണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.