ഗ്യാന്‍വാപി മസ്ജിദിലേക്കുള്ള സംഘപരിവാര്‍ കടന്നുകയറ്റം രാജ്യത്തെ മതേതര വിശ്വാസികള്‍ എന്തുവിലകൊടുത്തും ചെറുത്ത് തോല്‍പിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാരാണസി കോടതിയുടെ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്ത്തതിന്  പിന്നാലെയാണ് ഇ.ടിയുടെ പ്രതികരണം.

ഓരോരോ കാരണങ്ങള്‍ കണ്ടെത്തി രാജ്യത്തെ മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അതിന് കൂട്ടുനില്‍ക്കുന്ന പ്രാദേശിക കോടതികളുടെ നടപടികളും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

1991 ല്‍ മുസ്‌ലിം ലീഗിന്റെ സമ്മര്‍ദ്ധ ഫലമായി പാസ്സാക്കിയ ‘ THE PLACES OF WORSHIP (SPECIAL PROVISIONS) ACT ‘ന്റെ നഗ്‌നമായ ലംഘനമാണ് വാരാണസി കോടതി നടത്തിയത്. ആരാധനാലയങ്ങളുടെ ഉടമാവകാശം 1947 ഓഗസ്റ്റ് 15 വരെ എങ്ങനെയാണോ, തുടര്‍ന്നങ്ങോട്ടും അങ്ങനെ തന്നെയായി നിജപ്പെടുത്തുന്നതായിരുന്നു ആ നിയമമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍മപ്പെടുത്തി.

പരമോന്നത നീതിപീഠം വൈകാരികമായി അല്ലാതെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമം അനുസരിച്ച് നീതി നടപ്പിലാക്കും എന്ന് പ്രത്യാശിക്കുന്നു. ഭയപ്പെടുത്തുന്ന ബാബരി വിധി നമുക്ക് മുമ്പില്‍ ഉദാഹരണമായി ഉണ്ട്. സംഘപരിവാറിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും വിശ്വാസം മുറകെ പിടിച്ച് ജീവിക്കാനുള്ള ഭരണഘടന നല്‍കുന്ന അവാകാശത്തിനായി നിരന്തരം ശബ്ദിക്കുക തന്നെ ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.