kerala
സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ -മഹോന്നതമായ മാതൃക
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുസ്ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനവുമായി ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് വജ്രജൂബിലി ആഘോഷിക്കുന്ന വേളയിലാണ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ പൂര്‍ത്തിയാകുന്നത്. ബാഫഖി തങ്ങള്‍ ഇല്ലാതെ അര നൂറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. ഖാഇദുല്‍ ഖൗമിനെ ഓര്‍ക്കുമ്പോള്‍ എത്രയെത്ര സംഭവങ്ങളാണ് നമ്മെ വന്നുപൊതിയുന്നത്! അനാഥത്വത്തിന്റെ അമ്പരപ്പില്‍ അകപ്പെട്ടുപോയ ഒരു ജനതയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് പ്രാര്‍ത്ഥനകളോടെ തങ്ങള്‍ മുന്നില്‍ നടന്നു. കേരളീയ മുസ്ലിം ഉമ്മത്ത് ആ പാദചലനങ്ങളിലൂടെ ഉയരങ്ങളിലേക്ക് ഗമിച്ചു. കളങ്കരഹിതവും നിസ്വാര്‍ത്ഥവുമായ ആ ജീവിതത്തെ വരച്ചുകാട്ടാന്‍ വാക്കുകള്‍ മതിയാകില്ല. ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ നേതാവായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത പദവികളിലും അദ്ദേഹം ഒരുപോലെ ശോഭിച്ചു. ആത്മീയമായും രാഷ്ട്രീയമായും ഒരു ജനതക്ക് നേതൃത്വം നല്കി. രാജ്യത്തിന്റെ വിശാല താല്പര്യങ്ങള് കണക്കിലെടുത്ത് ഉത്തമ വിശ്വാസി എന്ന പോലെ ഉത്തമ പൗരനായും പ്രവര്‍ത്തിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തു. സാമുദായിക സ്പര്‍ധയുടെ ചെറു തീപ്പൊരികള്‍ പോലും സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി ഊതിക്കെടുത്തി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും വിവിധ കാലങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളുണ്ടായപ്പോഴെല്ലാം സമാധാനദൂതുമായി ബാഫഖി തങ്ങള്‍ ഓടിയെത്തി.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംലീഗിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യാന്‍ വന്നവരെല്ലാം ബാഫഖി തങ്ങള്‍ എന്ന മഹാ പ്രതിഭാസത്തിനു മുന്നില്‍ നിഷ്പ്രഭരായി. അനുഭവസമ്പത്തും പക്വതയും മധുരോദാരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് കേരളത്തെ രക്ഷിക്കാനും ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കാനും ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. ‘മറ്റുള്ളവരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് പ്രശ്നങ്ങള്‍ കാണാനും മനസ്സിലാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിന് താങ്ങും തണലുമായിട്ടുണ്ടെ’ന്ന് ബേബിജോണ്‍ ബാഫഖി തങ്ങള്‍ സ്മരണികയില്‍ എഴുതുന്നുണ്ട്. ആദര്‍ശധീരനും ദൃഢചിത്തനുമായിരുന്നു അദ്ദേഹം. ശാന്തമായും വിശാലമായും ചിന്തിച്ച്കൊണ്ടാണ് ബാഫഖി തങ്ങള്‍ ഓരോ തീരുമാനവും എടുത്തിരുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും സ്വന്തം തീരുമാനങ്ങളില്‍ പാറ പോലെ ഉറച്ച്നില്ക്കുകയും ചെയ്തു.

സമുദായ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും വേണ്ടി ബാഫഖി തങ്ങള്‍ ഉറച്ച നിലപാട് സ്വീകരിച്ചു. മതപരമായി ആശയഭിന്നതകള്‍ പുലര്‍ത്തുന്ന കേരളീയ മുസ്ലിം സമുദായത്തെ രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പാക്കാനായി മുസ്ലിംലീഗിന്റെ ചരടില്‍ കോര്‍ത്ത് കെട്ടുന്നതില്‍ ബാഫഖി തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് സമുദായത്തിനും സമൂഹത്തിനും ഗുണകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
ജീവിതത്തിലുടനീളം വ്യക്തിശുദ്ധി നിലനിര്‍ത്താന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. മത, രാഷ്ട്രീയ മേഖലകളിലെന്ന പോലെ കച്ചവട രംഗത്തും ബാഫഖി തങ്ങള്‍ ശോഭിച്ചിരുന്നു. ജീവിതം മുഴുവന്‍ ജനസേവനത്തിനും ആരാധനകള്‍ക്കും വേണ്ടി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അഗതികളെയും അനാഥരെയും ചേര്‍ത്തുനിര്‍ത്തി. മദ്രസാ പ്രസ്ഥാനം ഉള്‍പ്പെടെ സമസ്തയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. മുശാവറ അംഗമെന്ന നിലയിലും ആത്മീയ സാന്നിധ്യമായും നിസ്സീമമായ സേവനം സമര്‍പ്പിച്ചു.
1906ലാണ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ ജനിച്ചത്. മൂന്നര ദശകക്കാലം കോഴിക്കോട് സിറ്റി മുസ്ലിംലീഗിന്റെ പ്രസിഡന്റായും പിന്നീട് മലബാര്‍ ജില്ലാ മുസ്ലിംലീഗിന്റെ പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം സംസ്ഥാന പ്രസിഡന്റായും ഒടുവില്‍ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഉന്നതിയിലേക്ക് പോകുന്ന തലമുറയെ അദ്ദേഹം സ്വപ്നം കണ്ടു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനും സീതി സാഹിബിനുമൊപ്പം അടിയുറച്ച്നിന്ന് അഭിമാനകരമായ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.

മുസ്ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. സമുദായത്തിലെ എല്ലാ വിഭാഗം പണ്ഡിതരുമായും ആത്മബന്ധം പുലര്‍ത്തുകയും സമുദായത്തിന്റെ പൊതുവേദിയായി മുസ്ലിംലീഗിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. രാജ്യം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയോടെയും സ്ഥൈര്യത്തോടെയും ആ വെല്ലുവിളികളെ നേരിടാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. പ്രകോപനപരമായ ആക്ഷേപങ്ങളോടൊന്നും അതേ ഭാഷയില്‍ പ്രതികരിച്ചില്ല. എപ്പോഴും പക്വതയോടെയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും സംസാരിച്ചു.
ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ അദ്ദേഹം 1973 ജനുവരി 19ന് വെള്ളിയാഴ്ച ദിവസമാണ് ഇഹലോകം വെടിഞ്ഞത്. പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് ബാഫഖി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതത്തിലുടനീളം സമുദായ ഐക്യത്തിനും മത സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ മഹോന്നത മാതൃക കൂടുതല്‍ പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്‍ ഇന്ന് സമുദായവും പൊതുസമൂഹവും അനുഭവിക്കുന്ന എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ ബാഫഖി തങ്ങളെ പോലെ ക്രാന്തദര്‍ശിത്വമുള്ള നേതാക്കളുടെ സ്വപ്നങ്ങളുണ്ട്. അവര്‍ വിത്തുപാകിയ നന്മകളാണ് നാം കൊയ്തുകൊണ്ടിരിക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
kerala
മുസ്ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി
കെ. സൈനുല്‍ ആബിദീന്‍ സഫാരി
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.
‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.
പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.
അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്.
പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.
ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില് (ദുബായ്), സുബൈര്‍ (ബഹ്റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന് നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.
kerala
ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍
ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

