kerala
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ആറു മരണം; 27 വീടുകള്‍ തകര്‍ന്നു
കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് (02 ഓഗസ്റ്റ്) ആറു പേര്‍ മരിച്ചു. 27 വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ക്കു ഭാഗീകമായും തകര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്‌സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടിക്കല്‍ കന്നുപറമ്പില്‍ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയില്‍ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയില്‍ പൗലോസിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് 27 വീടുകള്‍ പൂര്‍ണമായും 126 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നു(02 ഓഗസ്റ്റ്) മാത്രം 23 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 71 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ 18 വീടുകള്‍ പൂര്‍ണമായും എട്ടു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം 2, ഇടുക്കി 5, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം 15, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 50, ഇടുക്കി 7, എറണാകുളം 2, തൃശൂര്‍ 6, വയനാട് 10, കണ്ണൂര്‍ 8 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.
കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാംപുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാംപില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാംപുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാംപുകളിലായി 52 പേരും കഴിയുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
10 ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട്
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാളെ (03 ഓഗസ്റ്റ്) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴഎന്നതുകൊണ്ടു കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും (ഓഗസ്റ്റ് 03) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് ആറിനും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു (02 ഓഗസ്റ്റ്) മുതല്‍ ഓഗസ്റ്റ് നാലു വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു (02 ഓഗസ്റ്റ്) മുതല്‍ ഓഗസ്റ്റ് ആറു വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03 ഓഗസ്റ്റ്) അവധി
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഓറഞ്ച് അലെര്‍ട് നിലനില്‍ക്കുന്നതിനാലും അങ്കണവാടികള്‍ മുതല്‍ പ്രൊഫെഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
പത്തനംതിട്ട ജില്ലയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലും യൂണിവേഴ്‌സിറ്റി പരീക്ഷകളും ഇന്റര്‍വ്യൂകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
പമ്പയാര്‍, മണിമലയാര്‍, അച്ചന്‌കോവിലാര്‍ എന്നിവയുടെയുടെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നതിനാല്‍ നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതല്‍ പിറ്റേന്ന് ആറ് വരെയുള്ള സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു.ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കും വിനോദ യാത്ര പൂര്‍ണ്ണമായും നിരോധിച്ചു. പറമ്പിക്കുളത്തേക്കും വിനോദയാത്രയ്ക്കു നിരോധനമുണ്ട്.
തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ (03 ഓഗസ്റ്റ്) രാത്രി 11.30 വരെ മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
kerala
അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല
മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജിന് വീണ്ടും പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്‌സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആര്‍. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം ആരാഞ്ഞത്.
നേരത്തെ നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി എ.ഡി.ജി.പിക്കെതിരെ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്. എം.എല്‍.എ ആയിരുന്ന പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.
kerala
വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവുകള്‍ പുറത്ത്
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.
തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ്. ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങളും പുറത്ത് വന്നു. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹിയറിങ് പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.
kerala
പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന
നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.
മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala14 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

