നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 8 വര്‍ഷം തികയുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തികൊണ്ട് റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനെയും രണ്‍ദീപ് സുര്‍ജേവാലയെയും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ തയാറാക്കും.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, സാമുദായിക സൗഹാര്‍ദം, വിദേശനയം, പണപ്പെരുപ്പം എന്നിവയില്‍ മോദി സര്‍ക്കാറിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ടുള്ള റിപ്പോര്‍ട്ട് കാര്‍ഡ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം തയാറാക്കി കഴിഞ്ഞിട്ടുണ്ട്.

തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. പണപ്പെരുപ്പം ഉയരുകയും തുടര്‍ന്ന് ആവശ്യവസ്തുക്കളുടെ വില വര്‍ധിക്കുകയും ചെയ്തു. പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തുന്നത്. വിദേശ കരുതല്‍ ശേഖരം കുറഞ്ഞു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തികളില്‍ നടക്കുന്ന ചൈനയുടെ കൈയേറ്റങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വര്‍ഗീയ ധ്രൂവീകരണ ശ്രമങ്ങള്‍, കോവിഡ് പ്രതിരോധം, രാജ്യത്ത് നടക്കുന്ന വിവിധ പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലുകളെ പറ്റിയും റിപ്പോര്‍ട്ട് കാര്‍ഡ് ചൂണ്ടിക്കാട്ടുന്നുണ്ട്.