നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയാകുന്ന തീര്‍ഥാടകര്‍ക്കായി നെടുമ്പാശ്ശേരിയില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തത് 20 വിമാനങ്ങള്‍. സഊദി എയര്‍ലൈന്‍സിനാണ് സര്‍വീസിന് അനുമതി ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ നിന്നും അധിക സീറ്റുകള്‍ ലഭ്യമായാല്‍ അതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.

ജൂണ്‍ നാല് മുതല്‍ 16 വരെയാണ് വിമാന സര്‍വീസ്. 377 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളാണ് സഊദിയ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ഷെഡ്യൂള്‍ അനുസരിച്ച് ജൂണ്‍ 4, 6, 7, 9, 13, 15 തീയ്യതികളില്‍ ഒരോ വിമാനവും 5, 8, 10, 14 തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും 12, 16 തീയതികളില്‍ മൂന്ന് വിമാനങ്ങളുമാണ് ഉണ്ടാവുക.

കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്ര തിരിക്കുന്നത്. ഇവിടെ നിന്നും മദീന വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ പ്രവാചക നഗരിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് മക്കയിലേക്ക് തിരിക്കുക. മദീനയില്‍ മസ്ജിദുന്നബവിയ്ക്ക് സമീപവും മക്കയില്‍ അസീസിയയിലുമാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹാജിമാര്‍ക്ക് അസീസിയയില്‍ നിന്നും മസ്ജിദുല്‍ ഹറമിലേക്ക് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജിന് ശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നായിരിക്കും ഹാജിമാരുടെ നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര.

നെടുമ്പാശ്ശേരി അടക്കം പത്ത് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാത്രയാകുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര തിരിക്കുന്ന എംബാര്‍ക്കേഷന്‍ പോയിന്റും നെടുമ്പാശ്ശേരിയാണ്.