മധ്യപ്രദേശില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകിയ നിലയില്‍ വീടിനടുത്തുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ ദേഹത്ത് പീഡനം നടത്തിയയാളുടെ പല്ലുകൊണ്ട അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഭോപ്പാലില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിനു തൊട്ടു പിന്നാലെയാണ് 10വയസുകാരിക്കുനേരെ അക്രമം നടന്നിരിക്കുന്നത്. പിതാവിന് ഭക്ഷണം നല്‍കുന്നതിനായി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദരും ഡോക്ടര്‍മാരും മൃതദേഹം പരിശോധനക്കു വിധേയമാക്കി. പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 376, 302 വകുപ്പുകള്‍ പ്രകാരവും പോസ്‌കോ നിയമപ്രകാരവും കേസെടുത്തതായും പൊലീസ് പറഞ്ഞു.