ഫത്ഹുള്ള ഗുലന്‍ ബന്ധമാരോപിച്ച് ആയിരത്തിലേറെപ്പേര്‍ തുര്‍ക്കിയില്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നടന്ന ഓപറേഷനില്‍ മാത്രം ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തതായാണ് അല്‍ ജസീറ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈയില്‍ നടന്ന അട്ടിമറിക്ക പിന്നില്‍ അമേരിക്കന്‍ കേന്ദ്രിത സംഘടനയായ ഗുലനാണെന്ന് നേരത്തെ തുര്‍ക്കി ആരോപിച്ചിരുന്നു. അട്ടിമറി സാധ്യത ചെറുത്തു തോല്‍പ്പിച്ചതിനെത്തുടര്‍ന്ന് ഗുലന്‍ ബന്ധമാരോപിച്ച് ഒട്ടേറെപ്പേരെ തുര്‍ക്കിയില്‍ തടവിലാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

1009 പേര്‍ ഇതിനകം തടവിലാക്കപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു അറിയിച്ചു.
തുര്‍ക്കിയിലെ 81 പ്രവിശ്യകളിലൊട്ടാകെ നടത്തിയ ഓപറേഷനിലാണ് ഇത്രയും ആളുകളെ പിടിയിലാക്കിയിരിക്കുന്നത്. ഗുലന്‍ പ്രസ്ഥാനത്തിനെതിരായ സുപ്രധാന മുന്നേറ്റമാണിതെന്ന് സോയ്‌ലു വ്യക്തമാക്കി. അങ്കാറ ചീഫ് പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫീസ് നേതൃത്വം നല്‍കിയ അന്വേഷത്തിലൂടെയാണ് ഓപറേഷന്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ദേശവ്യാപകമായ ഒരു വേട്ട തന്നെ നടക്കുന്നതായി സംശയിക്കുന്നുവെന്ന് ഓഫീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പരാജയപ്പെട്ട അട്ടിമറിയെത്തുടര്‍ന്ന് 47,000ത്തിലേറെ ആളുകളെ ഇതിനകം ഭരണകൂടം അറസ്റ്റ് ചെയ്തതായി തുര്‍ക്കി ആഭ്യന്തര മന്ത്രി പറഞ്ഞു. 10,700 പൊലീസ് ഉദ്യോഗസ്ഥര്‍, 7,400 സൈനികര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു എന്നും അദ്ദേഹം വിവരിക്കുന്നു. കൂടാതെ, പൊതുപ്രവര്‍ത്തകര്‍, അധ്യാപകര്‍, നിയമപാലകര്‍, സൈനികര്‍ തുടങ്ങി ഉദ്യോഗസ്ഥ തലങ്ങളില്‍പ്പെട്ട 120000 പേര്‍ സസ്‌പെന്റ് ചെയ്യപ്പെടുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെന്നും സോയ്‌ലു കൂട്ടിച്ചേര്‍ത്തു.

അതേസമയം, തുര്‍ക്കി ഭരണകൂടം ഏകാധിപത്യത്തിലേക്ക നീങ്ങുന്നു എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.