News

സുഡാനില്‍ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷം: സഹായ ശ്രമങ്ങള്‍ പരാജയത്തില്‍

By webdesk18

November 03, 2025

ഖാര്‍ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ദാര്‍ഫൂര്‍ മേഖലയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് പേരിലേക്ക് സഹായം എത്തിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് പരാജയം. വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇതോടെ പതിനായിരക്കണക്കിന് പേരുടെ ജീവന്‍ ഗുരുതരമായ അപകടത്തിലായിരിക്കുകയാണ്.

അല്‍ ഫാഷിര്‍ നഗരത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം സിവിലിയന്മാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചതിനാല്‍ പ്രദേശത്തുനിന്ന് വിശ്വാസ്യതയുള്ള വിവരങ്ങള്‍ പുറത്തു വരുന്നില്ല. 62,000-ലധികം ആളുകള്‍ പ്രദേശം വിടാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്.

സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തനം നിര്‍ത്തി. സമീപ പട്ടണങ്ങളായ തവില എന്നിവിടങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് കൊള്ളസംഘങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

2023 മുതല്‍ തുടരുന്ന ഈ ആഭ്യന്തര യുദ്ധം സുഡാനീസ് ആര്‍മ്ഡ് ഫോഴ്സസും , റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും തമ്മിലുള്ള അധികാരപോരാട്ടമാണ്. സുഡാനീസ് സൈന്യത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന അല്‍ ഫാഷിര്‍ ആര്‍എസ്എഫ് പിടിച്ചെടുത്തതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.

അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യം, ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് വിറങ്ങലിച്ചിരിക്കുന്ന സുഡാന്‍, ഇപ്പോള്‍ അതിന്റെ ഏറ്റവും ദുഷ്‌കരമായ മനുഷ്യാവകാശ പ്രതിസന്ധി നേരിടുകയാണ്.