kerala

സർക്കാർ പദ്ധതിയുടെ പ്രഖ്യാപനം നടത്തി; മന്ത്രി മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

By webdesk13

April 02, 2024

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ജില്ല വരണാധികാരിയുടെ നോട്ടീസ്. സര്‍ക്കാര്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം എന്ന പ്രഖ്യാപനം നടത്തിയെന്നാണ് പരാതി.

കോഴിക്കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമും മുഹമ്മദ് റിയാസും പങ്കെടുത്ത പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും കായിക മന്ത്രി അബ്ദുറഹിമാന്‍ പറയുകയും ചെയ്ത പദ്ധതിയുടെ കാര്യമാണ് താന്‍ ആ വേദിയില്‍ പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.

അതിനിടെ,ഈ പരിപാടിയുടെ വീഡിയോ പകര്‍ത്തുകയായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളെ സംഘാടകര്‍ വിലക്കിയെന്ന വിവാദവും ഉയരുന്നുണ്ട്.എല്‍.ഡി.എഫ് സംഘടിപ്പിച്ച പരിപാടി അല്ലെന്നും അതുകൊണ്ടാണ് വീഡിയോ എടുക്കുന്നത് തടഞ്ഞെന്നുമാണ് സംഘാടകരുടെ വിശദീകരണം.