ഇന്ന് മാലാഖമാരുടെ ദിനം. കോവിഡ് കൊടികുത്തി വാഴുമ്പോള്‍ തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുകയാണ് ശുഭ്ര‘വസ്ത്രധാരികളായ നഴ്‌സുമാര്‍. തങ്ങളുടെ ജീവന്‍ പണയം വെച്ചും രോഗബാധിതരായ സമൂഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ പാടുപെടുകയാണ്. പുറമെ പലവിധ സുരക്ഷാ സംവിധാനങ്ങളും നടപ്പില്‍ വരുത്തുമ്പോള്‍ തന്നെ രോഗത്തിനെതിരെ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ അദ്ധ്വാനിക്കുന്നതും നഴ്‌സുമാരാണ്. എങ്കിലും ഇവര്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലുള്ള അസ്വാസ്ഥ്യം നഴ്‌സുമാരിലുണ്ട്്്.
വധ്യവയോധികര്‍ മുതല്‍ ബാല്യം വിടാത്ത കുട്ടികള്‍വരെ നഴ്‌സുമാരുടെ സംരക്ഷണയിലാണ് ആസ്പത്രിയില്‍ കഴിയുന്നത്. സുരക്ഷാകവചങ്ങള്‍ക്കുള്ളിലും മുഖാവരണത്തിനുള്ളിലും വിയര്‍ത്തൊലിച്ച് നില്‍ക്കുമ്പോഴും അവരുടെ കണ്ണുകളില്‍ നിന്നുതിരുന്ന സ്‌നേഹവായ്പ് രോഗികള്‍ക്ക് തിരിച്ചറിയാന്‍ അധികം പ്രയാസമൊന്നുമുണ്ടാവാറില്ല. നഴ്‌സുമാരില്‍ മുലകുടി മാറാത്ത കുട്ടികള്‍ ഉളളവര്‍ വരെ ഡ്യൂട്ടിയെടുക്കുന്നുണ്ട്. മാരകമായ രോഗത്തില്‍ നിന്നും ജനത്തെ രക്ഷപ്പെടുത്താന്‍ സ്വയം താല്‍പര്യം പ്രകടിപ്പിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. മക്കളെ അകലെ നിന്നും കണ്ട് സായൂജ്യമടഞ്ഞും കുടുംബാംഗങ്ങളെ ബന്ധുവീടുകളില്‍ വിട്ട ശേഷം ഒറ്റയ്ക്ക് വീട്ടില്‍ ക്വാറന്റൈന്‍ തിരഞ്ഞെടുത്തവരും ഈ മാലാഖമാരുടെ കൂട്ടത്തിലുണ്ട്. കോവിഡ് വാര്‍ഡിലെ പരിചരണങ്ങളില്‍ കുറവുവന്നാല്‍ അത് സ്വന്തം കുടുംബാംഗങ്ങളില്‍ വരുത്തിയ വീഴ്ചയായി കണക്കാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ചികില്‍സ കഴിഞ്ഞിറങ്ങുന്നവരുടെ പ്രതികരണങ്ങളിലും വിലമതിക്കാനാവാത്ത ആ പരിചരണത്തിന്റെ സാന്ത്വനസ്പര്‍ശം പ്രതിഫലിക്കുന്നു. നാടാകെ സമ്പൂര്‍ണസൗഖ്യം നേടുംവരെ കഷ്ടപ്പാടുകള്‍ മറന്ന്, കുടുംബാംഗങ്ങളെ മറന്ന് ഈ മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം ഇവര്‍ തുടരുകയാണ്.

വിവിധങ്ങളായ പ്രശങ്ങള്‍ ഇവരെ അലട്ടിക്കൊണ്ടിരിക്കുന്നു സ്റ്റാഫിന്റെ കുറവാണ് അതില്‍ പ്രധാനം.നിലവില്‍ പത്ത് പേര്‍ എടുക്കേണ്ട ജോലിയാണ് ഒരാള്‍ ചെയ്യുന്നത്. കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ വാര്‍ഡുകളില്‍ നിന്നും രോഗം പിടിപെട്ടും കുറേ പേര്‍ ലീവെടുത്തു പോയി .അതും കൂടി ആയപ്പോള്‍ പ്രശ്‌നം രൂക്ഷമായി. പുതുതായി നിയമനം നടക്കുന്നുമില്ല ഉള്ളവര്‍ക്ക് തന്നെ ശമ്പളവും യഥാവിധി ലഭിക്കുന്നില്ല. കോവിഡ് വാര്‍ഡുകളില്‍ 6 മണിക്കൂറോളം പി.പി.ഇ. കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി പ്രയാസകരം തന്നെ. ഇതിന്റെ പേരിലെ ചൂടും കാലാവസ്ഥയുടെ ചൂടും ആകുമ്പോള്‍ വെന്തുരുകുന്നു പലര്‍ക്കും തലകറക്കവും മറ്റും ഉണ്ടാകുന്നു. ഒന്നാം ഘട്ടത്തില്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ക്വാറന്റെയിനില്‍ നില്‍ക്കാറുണ്ടായിരുന്നു.
എന്നാല്‍ കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ അതില്ല. ഓരോരുത്തരും സ്വന്തം തീരുമാനത്തില്‍ വീടുകളില്‍ നിന്ന് അകന്ന് കഴിയുന്നു. രോഗ പ്രതിരോധത്തിന് പുറമേ ഗീര്‍വാണം മുഴക്കുന്നുവെങ്കിലും ആസ്പത്രിയില്‍ അത് ഉണ്ടാവുന്നില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു.
നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും രോഗം ബാധിച്ചും അത്യാഹിതങ്ങള്‍ സംഭവിച്ചും കാഷ്വാലിറ്റിയില്‍ എത്തുമ്പോള്‍ ഇവിടെ യാതൊരു വിധ സുരക്ഷയും ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. കോവിഡ് പരിശോധനാ കേന്ദ്രവും കേഷ്വലിറ്റിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ട് വരുന്ന രോഗികള്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് അറിയുമ്പോഴാണ് പലരും ആശങ്കയിലാവുന്നത് കോവിഡ് ബാധിതരവും അല്ലാത്തവരും ഇട കലര്‍ന്നുള്ള അവസ്ഥയില്‍ എങ്ങിനെ ഡ്യൂട്ടി എടുക്കും എന്നാണ് നഴ്‌സുമാര്‍ ചോദിക്കുന്നത്.