കോഴിക്കോട്: ആത്മഹത്യയെന്ന് കരുതിയ പതിനാറുകാരന്റെ മരണം കൊലപാതകമെന്ന് സംശയം. കഴിഞ്ഞ വര്‍ഷം മേയ് 17ന് മരിച്ച നാദാപുരം നരിക്കാട്ടേരി സ്വദേശി അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന സൂചന പുറത്തുവന്നത്. അസീസിനെ ബന്ധു കഴുത്തുഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പ്രദേശത്തെ വിവിധ വാട്‌സാപ് ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. പൊലീസ് ആത്മഹത്യയെന്ന് കണ്ടെത്തി എഴുതിത്തള്ളിയ കേസിലാണ് വഴിത്തിരിവ്. വെള്ളിയാഴ്ച രാത്രി നാട്ടുകാര്‍ വീടു വളഞ്ഞതോടെ വീട്ടുകാരെ മാറ്റി. സഹോദരന്‍ വിദേശത്താണ്. പുനരന്വേഷണത്തിനായി കോഴിക്കോട് റൂറല്‍ എസ്പി ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന മൂന്നു പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് മേയ് 17ന് നരിക്കാട്ടേരി കറ്റാരത്ത് അബ്ദുല്‍ അസീസിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ രണ്ടാമത്തെ സ്‌കൂളായിരുന്നു പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 437 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ജൂണ്‍ 30ന് പരീക്ഷാഫലം വന്നപ്പോള്‍ അസീസ് ഒഴികെ ബാക്കിയെല്ലാവരും ജയിച്ചു. എഴുതിയ എല്ലാ പരീക്ഷകള്‍ക്കും അസീസിന് നല്ല മാര്‍ക്കുകളുണ്ടായിരുന്നു. കോവിഡ് കാരണം മേയ് അവസാനത്തിലേക്ക് മാറ്റിവച്ച പരീക്ഷകളാണ് അസീസ് എഴുതാന്‍ ബാക്കിയുണ്ടായിരുന്നത്. ഇതിനിടെയാണ് അസീസിന്റെ മരണം.