ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് നടത്തിയ പരിശോധനയില്‍ ലോക്‌സഭയിലെ 17 എംപി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബിജെപി എംപിമാരാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ക്കും ശിവസേന, ഡിഎംകെ, ആര്‍എല്‍പി പാര്‍ട്ടികളിലെ ഓരോ അംഗത്തിനും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വിവരം ബിജെപി എംപി സുകുന്ത മജുംദാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. പാര്‍ലമെന്റിലെ 785 എംപിമാരില്‍ 200 പേരും 65 വയസിന് മുകളിലുള്ളവരാണ്. അടുത്തിടെ 7 കേന്ദ്രമന്ത്രിമാര്‍ക്കും 25 ഓളം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഒരു എംപിയും നിരവധി എംഎല്‍എമാരും കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.