ചെന്നൈ: പതിനെട്ടുകാരി ഓടിച്ച് ആഢംബര കാര്‍ കയറി ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. യുവതി താമസിക്കുന്ന ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശിവപ്രകാശ് (68)ആണ് മരിച്ചത്.

സെപ്തംബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. ഫോര്‍ഷോര്‍ എസ്റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകള്‍ അപര്‍ണയുടെ കാറാണ് അപകടം വരുത്തിയത്. അപകടം സംഭവിച്ചതറിയാതെ അപര്‍ണ കാര്‍ പാര്‍ക്ക് ചെയ്ത് അപ്പാര്‍ട്ടുമെന്റിലേക്ക് കയറിപ്പോവുകയായിരുന്നു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ ശിവപ്രകാശത്തെ കണ്ട ഫ്‌ളാറ്റിലെ താമസക്കാരാണ് അപകട വിവരം അറിഞ്ഞതും പൊലീസിനെ അറിയിച്ചതും.

സ്ഥലത്തെത്തിയ പൊലീസ് കാറിന് ഉടമയായ അപര്‍ണയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയെങ്കിലും അവര്‍ കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പൊലീസിന് തെളിവ് ലഭിക്കുകയായിരുന്നു. എന്നാല്‍ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് കരച്ചില്‍ ശബ്ദം ഒന്നും കേട്ടില്ലെന്നായിരുന്ന് അപര്‍ണ മൊഴി നല്‍കി. തുടര്‍ന്ന് അശ്രദ്ധമൂലമുണ്ടായ മരണത്തിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304 (എ) വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.

മുൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ശിവപ്രകാശം ഒരാഴ്ച മുമ്പാണ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യാൻ തുടങ്ങിയത്. പാര്‍ക്കിങ് സ്ഥലത്ത് ഇദ്ദേഹം ഉറങ്ങുന്ന കാര്യം അധികം താമസക്കാര്‍ക്കും അറിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചുപോയ ആള്‍ മദ്യപിച്ചിരുന്നോ എന്നറിയാനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.