മുംബൈ: സഹോദരിയെ കമന്റടിച്ചതിന് പതിനെട്ടുകാരന്റെ തലയറുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിലെ നാഷിക് പഞ്ചാവതി ഏരിയയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. അക്ഷയ് ഗുലെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാളെ കസറ്റഡിയിലെടുത്തു. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

ആകാശ് ഖൈര്‍നാര്‍, സാഗര്‍ അംബേക്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നടന്നുപോകുകയായിരുന്ന ഗുലയെയും കൂട്ടുകാരനെയും ഖൈര്‍നാറും സംഘവും തടഞ്ഞുവെക്കുകയും സഹോദരിയെ കമന്റടിച്ചെന്നാരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കത്തിഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വഴിയരികില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. പിറ്റേന്നു തന്നെ സംഘത്തെ പിടികൂടുകയും ചെയ്തു.