പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സായുധസൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നതായും കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്. ഇക്കാര്യം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. അവര്‍ ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നടക്കും’- മസൂദ് അസര്‍ പ്രസ്താവനയില്‍ പറയുന്നു.
ഇന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിലാണ് മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. അസറിന്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ കരസേന തകര്‍ത്തിരുന്നു. നാല് ജയ്‌ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.