X

‘റിയാസ് മൗലവി വധക്കേസിലെ വിധി, സിപിഎമ്മും ആർഎസ്എസും തമ്മിലുണ്ടാക്കിയ ധാരണ’; കെ സുധാകരൻ

റിയാസ് മൗലവി വധക്കേസിലെ വിധി സിപിഎമ്മും ആര്‍എസ്എസും തമ്മിലുണ്ടാക്കിയ ധാരണയെന്ന് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും തികഞ്ഞ പരാജയമായിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പൊലീസും പ്രോസിക്യൂഷനും കാണിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. മനുഷ്യമനസാക്ഷിയെ നടുക്കിയ കൊലപാതകമാണ് റിയാസ് മൗലവിയുടേത്. ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകളില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കുക എന്ന കൃത്യമായ അജണ്ട സിപിഎം നടപ്പാക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതികള്‍ ആകുന്ന കൊലപാതക കേസുകളില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്ററുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ച മോദി ഭരണകൂടം നാളിതുവരെ സിബിഐ അന്വേഷണത്തിന് പോലും തയ്യാറായിട്ടില്ല. അത് സിപിഎമ്മിനെ പിണക്കാതിരിക്കാന്‍ വേണ്ടിയാണ്.

ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനപ്പുറം വേട്ടക്കാരുടെ സംരക്ഷണമാണ് സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും നയം. അതിന് മറ്റൊരു ഉദാഹരണമാണ് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പറ്റിച്ചതെന്നും റിയാസ് മൗലവിയുടെ ഭാര്യയുടെ ശാപം സിപിഎമ്മിനെ വിടാതെ പിന്തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

webdesk13: