Connect with us

kerala

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്‌

ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണുള്ളത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാനമൊട്ടാകെ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രളയത്തിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാൻ സന്നദ്ധരാവണമെന്നും മുന്നറിയിപ്പുണ്ട്. അതെ സമയം അതിശക്തമായ മഴയാണ് സംസ്ഥാനമൊട്ടാകെ പെയ്തത്.കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

തെക്കന്‍ കേരളത്തിലും മഴ കനക്കുകയാണ്. പലയിടത്തും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളില്‍ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാട് വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കല്‍, കരീക്കോട്, ചാത്തന്നൂര്‍, കുരീപുഴ ഭാഗങ്ങളില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കിള്ളൂരിന് സമീപം ബ്രേക്ക്ഡൗണായ ലോറിക്ക് പിന്നില്‍ കാറുകള്‍ ഇടിച്ചുകയറി അപകടം ഉണ്ടായി. അതിനിടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സർക്കാർ ഗൂഢാലോചന: വി.ഡി. സതീശൻ

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്.

Published

on

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തുടര്‍ന്ന് വന്ന പിണറായി വിജയന്‍ സര്‍ക്കാരും ഈ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. 2023-ല്‍ ഒമ്പത്വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതു പോലെയാണ് സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 4 രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 8 മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്തുപറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, കരാര്‍ പുനസ്ഥാപിക്കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതി 6 രൂപ 80 പൈസയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. അപ്പലേറ്റ് ട്രിബ്യൂണലും കരാര്‍ പുനഃസ്ഥാപിക്കുന്നത് വിസമ്മതിച്ചു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണമായാണ് നിരക്ക് വര്‍ധിപ്പിച്ചത്.

വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ചെയര്‍മാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്.

വൈദ്യുതി ബോര്‍ഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പി.എ ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരുമായി ആലോചിക്കാതെ കരാര്‍ റദ്ദാക്കുമോ? സര്‍ക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കില്‍ കരാര്‍ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചതെന്തിന്?

കരാര്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായ നഷ്ടം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പോരാടും. 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ 9 വര്‍ഷത്തിന് ശേഷം റദ്ദാക്കിയതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഇതിന്റെ പേരില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരു കാരണവശാവും അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്നെ ആര്‍ക്കും വിമര്‍ശിക്കാം. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ ബോധ്യപ്പെടുത്തും. തിരുത്തല്‍ നടപടിക്രമത്തിന്റെ ഭാഗമായാണ് ഇന്നലത്തെ പരിപാടിയില്‍നിന്നും മാറിനിന്നത്. സംഘടനാപരമായ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

india

ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്.

Published

on

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.

വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.

Continue Reading

india

‘കുത്തൊഴുക്കൊന്നും പ്രശ്നമല്ല’; അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

‘അര്‍ജുന്‍ ദൗത്യത്തില്‍’ പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്.

Published

on

അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്.

‘അര്‍ജുന്‍ ദൗത്യത്തില്‍’ പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്. നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താന്‍ ഈശ്വര്‍ മാല്‍പയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇറങ്ങുന്നത്.

നദിയില്‍ ഡൈവ് ചെയ്ത് പരിശോധന നടത്തുന്നത്. ശക്തമായ ഒഴുക്കില്‍ 100 അടി വരെ താഴ്ചയില്‍ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇശ്വര്‍ മാല്‍പ സംഘം അവകാശപ്പെടുന്നത്. നിലവില്‍ രക്ഷാസംഘം ഒരു പോയിന്റ് നല്‍കിയിട്ടുണ്ടെന്നും ഈ പോയിന്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നതെന്നും സംഘം പ്രതികരിച്ചു.

Continue Reading

Trending