അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടി.ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.
ഇറാനാണ് മത്സരത്തിന് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ലീഡെടുത്തത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അമിറേസ വാലിപൂര്‍ ഇറാനെ മുന്നിലെത്തിച്ചു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ലഭിച്ചു. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ദല്ലാല്‍മുന്‍ ഗാംഗ്‌തേ ഇന്ത്യയ്ക്കായി വലകുലുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയം ലക്ഷ്യമിട്ട് മുന്നേറ്റം ശക്തമാക്കി. ഗുന്‍ലൈബ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി. ശേഷിക്കുന്ന സമയത്ത് ഇറാനെ പ്രതിരോധിച്ച് ഇന്ത്യന്‍ യുവസംഘം വിജയവും ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി.