ന്യൂഡല്‍ഹി: അമ്മക്കരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തശേഷം റെയില്‍വേ ട്രാക്കില്‍ തള്ളി. പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ട്രാക്കിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ (24) എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി അര്‍ധരാത്രിയോടെയാണ് ഡല്‍ഹി കൊട്ട്വാലി ഏരിയയിലെ നടപ്പാതയില്‍ അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അനില്‍ തട്ടിയെടുത്തത്. പുലര്‍ച്ചെ രണ്ടരയോടെയാണ് കുട്ടിയെ കാണാതായ വിവരം അമ്മ മനസിലാക്കിയത്. കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശനിയാഴ്ച രാവിലെ അമ്മ പൊലീസില്‍ പരാതി നല്‍കി.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഒരു പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്ത വിവരം പൊലീസിന് ലഭിച്ചു. കട്ട്വാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.