ചണ്ഡീഗഢ്: ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഹരിയാനയിലെ ഗോശാലകളില്‍ തീറ്റ കിട്ടാതെ ചത്തത് 25 പശുക്കള്‍. കുരുക്ഷേത്രയിലെ മതാന ഗ്രാമത്തിലെ സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രത്തിലാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ മര്‍ദിച്ചു കൊലപ്പെടുത്തി നാലു മാസം കഴിയുന്നതിനു മുമ്പാണ് സര്‍ക്കാര്‍ വീഴ്ചയില്‍ പശുക്കള്‍ ചത്തത്. ഭക്ഷണ ലഭ്യതക്കുറവും മഴയുമാണ് മിക്ക പശുക്കളുടെയും മരണത്തിനു കാരണമെന്ന് ഗ്രാമത്തലവന്‍ കിരണ്‍ ബാല പറഞ്ഞു. തുടര്‍ച്ചയായ മഴയില്‍ പല തൊഴുത്തിലും വെള്ളപ്പൊക്കമുണ്ടായി. പശുക്കള്‍ ചളിയില്‍ കുടുങ്ങിപ്പോകുകയും ഭക്ഷണം ലഭിക്കാതെ ചത്തൊടുങ്ങുകയുമായിരുന്നു. സര്‍ക്കാര്‍ ഗോസംരക്ഷണ കേന്ദ്രത്തിലെ നിരവധി പശുക്കള്‍ രോഗാവസ്ഥയിലാണെന്നും ഗ്രാമത്തലവന്‍ പറയുന്നു.

60013-bjslliljug-1498623689
ഗോശാലയില്‍ പശുക്കള്‍ ചത്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിനും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനുമാണെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കുറ്റപ്പെടുത്തി.
2015ല്‍ അധികാരമേറ്റ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുതിയ പശുസംരക്ഷണ നിയമം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. ബീഫ് കഴിക്കുന്നവര്‍ക്കും പശുക്കളെ കശാപ്പ് ചെയ്യുന്നവര്‍ക്കും കര്‍ശന ശിക്ഷ നല്‍കുന്നതായിരുന്നു നിയമം. എന്നാല്‍ ക്ഷീരകര്‍ഷകരുള്‍പ്പെടെ ജനങ്ങള്‍ക്കു നേരെ അക്രമം അഴിച്ചുവിടുമ്പോഴും ഗോസംരക്ഷണ കേന്ദ്രങ്ങളില്‍ പോലും പശുക്കള്‍ ചത്തൊടുങ്ങുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.