ജയ്പുര്‍: രാജസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാനെതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. പശുക്കടത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

ജസ്റ്റീസ് പങ്കജ് ഭണ്ഡാരിയുടെ ബെഞ്ചിന്റേതാണ് നടപടി. കൊല്ലപ്പെട്ട പെഹ്‌ലുഖാന്‍, അദ്ദഹത്തിന്റെ രണ്ട് മക്കള്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരായ കേസാണ് കോടതി തള്ളിയത്. 2017 ഏപ്രിലിലാണ് ആല്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ പെഹ്‌ലുഖാന്‍ മന്നുദിവസത്തിനുശേഷം മരണപ്പെട്ടു. സംഭവത്തില്‍ പെഹ്‌ലുഖാന ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ പിന്നീട് കോടതി വിട്ടയച്ചിരുന്നു. മതിയായ അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്ന് ആരോപിച്ചായിരുന്നു പെഹ്‌ലു ഖാനെതിരെ പോലീസ് കേസെടുത്തത്.