കോഴിക്കോട്: രാജസ്ഥാനിൽ ഗോ സംരക്ഷകർ കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്‌ കത്തയച്ചു. രാജ്യമാകെ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ ഇരകൾക്കെതിരെ കേസെടുക്കാനല്ല അക്രമകാരികളെ പിടികൂടാനും, നിയമത്തിന് മുന്നിലെത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. ഗവണ്‍മെന്റുകള്‍ മാറിയാലും ഉദ്യോഗസ്ഥ, പോലീസ് മേധാവികളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണിത്. ഇതിന് മാറ്റം വരാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ബഹുസ്വരതയിലും , സഹവർതിത്വത്തിലും, നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1995 ൽ നിലവിൽ വന്ന രാജസ്ഥാനിലെ മൃഗങ്ങളെ കൊല്ലലും, താൽകാലിക കയറ്റുമതിയും തടയുന്ന നിയമത്തിന്റെ 5,8,9 സെക്ഷനുകൾ പ്രകാരമാണ് പെഹ്‌ലുഖാനും, രണ്ട് മക്കൾക്കും, മറ്റ് ചിലർക്കുമെതിരെ കോൺഗ്രസ് ഗവണ്‍മെന്റ്‌ അധികാരമേറ്റെടുത്ത ഉടനെ ഡിസംബർ 30 ന് ചാർജ് ഷീറ്റ് നൽകിയത്.

കത്തിന്റെ പൂർണ രൂപം:
ബഹുമാന്യനായ ശ്രീ അശോക് ഹെലോട്ട്ജി,
ദളിത് ,മുസ്ളീം സമുദായങ്ങൾക്കെതിരെ ഗോ സംരക്ഷണത്തിന്റെ പേരിൽ നടന്നുവരുന്ന കൊലപാതകങ്ങളും,അതിക്രമങ്ങളും രാജ്യത്തെമ്പാടുമുളള മതേതര സമൂഹത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണല്ലോ. 2014ൽ ബി.ജെ.പി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആരംഭിച്ച ഈ അക്രമങ്ങൾ ഇപ്പോഴും നിർബാദം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുളള ഒരു ക്രൂരമായ കൊലപാതകത്തിന്റെ ഇരയായിരുന്ന പെഹലു ഖാനും അദ്ദേഹത്തിന്റെ രണ്ടു മക്കളും മറ്റു ചിലർക്കുമെതിരെ പശുകടത്തലിന്റെ പേരിൽ കുറ്റപ്പത്രം സമർപ്പിക്കപ്പെട്ട വാർത്ത നാം ദേശീയ മാധ്യമങ്ങളിൽ വായിക്കുകയുണ്ടായി. 1995 ലെ രാജസ്ഥാൻ ബൊവിനി മൃഗ നിയമം (മൃഗങ്ങളെ കൊല്ലലും താത്ക്കാലിക കയറ്റുമതിയും) സെക്ഷൻ 5,8,9 പ്രകാരമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിലെത്തിയ ശേഷം 2018 ഡിസംബർ 30 നാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുളളത്.മുൻ കാലങ്ങളിൽ പെഹ് ലുഖാന്റെ രണ്ട് സഹായികൾക്കെതിരെ ബി ജെ പി ഗവൺമെന്റ് ഇതേ പോലുളള ചാർജ് ഷീറ്റ് ചുമത്തിയിരുന്നു. എന്നാൽ ഒരു ക്ഷീരകർഷകനെതിരെ ഇത്രയും ഗുരുതരമായ കുറ്റാരോപണം ഈ ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിച്ചതല്ല. നിരപരാധികളെ ശിക്ഷിക്കുന്നതിന് പകരം കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനാണ് ഗവൺമെന്റ് ശ്രദ്ധിക്കേണ്ടത്.

ഗവർമെണ്ടുകൾ മാറിയാലും ഉദ്യോഗസ്ഥ ,പോലീസ് മേധാവികളുടെ മനോഭാവത്തിൽ മാറ്റം വരുന്നില്ല എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ സംഭവം. ഇരകൾക്ക് നീതി ലഭിക്കാനും, പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാനും ആവശ്യമായ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂലമായ ഇടപെടലുകൾ രാജ്യത്തിന്റെ ബഹുസ്വരതയിലും, സഹവർത്തിത്വത്തിലും, നിയമ വ്യവസ്‌ഥയിലും വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും അങ്ങേയറ്റത്തെ ആത്മവിശ്വാസം നൽകും.

നന്ദിപൂർവ്വം…

പി കെ കുഞ്ഞാലിക്കുട്ടി എം പി
ദേശീയ ജനറൽ സെക്രട്ടറി
ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ്.