ബെഗുസരായ്: ബിഹാറില്‍ കാര്‍ത്തിക പൂര്‍ണിമയോടനുബന്ധിച്ച് ഗംഗാ സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു മരണം. ഗംഗാസ്‌നാനത്തിനെത്തിയ വയോധികരായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. സിമരിയ ഘട്ടിനടുത്താണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
നിയന്ത്രണാതീതമായ തിരക്കാണ് ചടങ്ങിനിടെ അനുഭവപ്പെട്ടത്. പെട്ടന്നുണ്ടായ പരിഭ്രാന്തിയില്‍ ജനം ചിതറിയോടിയതാണ് തിരക്കിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നാലുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍ പറഞ്ഞു.