തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു . പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

മെറിറ്റ് പട്ടികയും , സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു .ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത് . മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി .പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേരും നിയമനപട്ടികയില്‍ ഇടം നേടി . ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് .

പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറ് പേരെ ശാന്തിമാരെ നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ് . രണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട് . മുന്നോക്ക വിഭാഗത്തില്‍ പെട്ട 3 പേരാണ് ആന പാപ്പാന്‍ മെറിറ്റ് പട്ടികയിലുള്ളത്.