kerala

69ാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ

By webdesk14

August 11, 2023

69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിങ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 50 ഇന്‍സ്‌പെക്ടര്‍, 465 എസ്‌ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും. പുന്നമട കായലില്‍ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുന്നത്.