പ്രശസ്ത നടിയെ ക്വട്ടേഷന്‍ കൊടുത്ത് ബലാല്‍സംഗംചെയ്യിക്കുക, അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുക, തെളിവുകള്‍ കോടതിയില്‍നിന്ന് അപഹരിക്കുക, ഇരയെ പരസ്യമായി അധിക്ഷേപിക്കുക. ഇതെല്ലാം നടന്നത് ആഫ്രിക്കയിലാണെങ്കില്‍പോലും വിശ്വസിക്കുക പ്രയാസം. എന്നാലിവയെല്ലാം ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. സ്ത്രീ സുരക്ഷയെകുറിച്ച് വായ്ത്താരിയിറക്കുന്ന പാര്‍ട്ടിക്കും മുന്നണിക്കും ഇതൊരു തീരാകളങ്കമാണെന്ന് പറയാതെ വയ്യ. പക്ഷേ സി.പി.എമ്മിനെ ശരിക്കറിയുന്ന ഒരാള്‍ക്കും ഇതില്‍ അത്ഭുതമില്ല. 2017ല്‍ മഹാനഗരമായ കൊച്ചിയില്‍ നടന്ന അതിദാരുണ സംഭവത്തില്‍ പ്രതികളെ അഴിക്കുള്ളിലാക്കാന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്നത് മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന സന്ദര്‍ഭത്തിലാണ,് അതിജീവിതയായ യുവതിക്ക് വീണ്ടും നീതിതേടി മുകള്‍ കോടതിയെ സമീപിക്കേണ്ടിവന്നിരിക്കുന്നത്. അന്വേഷണ സംഘവും പ്രോസിക്യൂഷനും വിചാരണക്കോടതി ജഡ്ജിമാരും അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഹൈക്കോടതിയിടപെട്ട് നേരായ ദിശയില്‍ അന്വേഷണം കൊണ്ടുപോകണമെന്നുമാണ് നടി അഭ്യര്‍ഥിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നടന്നുവരുന്ന കേസന്വേഷണത്തിന്റെ നാള്‍വഴികളിലൊരിടത്തും പറയാത്ത ആക്ഷേപമാണ് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയും നടനുമായ ദിലീപിന് ഭരണമുന്നണിയുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് കേസന്വേഷണം കൂട്ടിക്കെട്ടിയതെന്നും അതിജീവിത പറയുമ്പോള്‍ അത് ചെന്നു തറയ്ക്കുന്നത് ആരുടെ മുഖത്താണ്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗമാണെന്നതാലോചിക്കുമ്പോള്‍ ‘അവള്‍ക്കൊപ്പ’മെന്ന് ആവര്‍ത്തിച്ചു പറയുന്ന ആ പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലയെന്താണ്! ‘അന്യന്‍’ സിനിമയിലെ അടിക്കടി ഭാവം മാറുന്ന കഥാപാത്രംപോലും സി.പി.എമ്മിനു മുന്നില്‍ തോറ്റു പോകുമെന്നുറപ്പ്!

മെയ് 31നകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് വിചാരണകോടതി ഉത്തരവിട്ടതും അതിന് പ്രോസിക്യൂഷന്‍ മുന്നിട്ടിറങ്ങിയതുമാണ് നടിയിലും പൊതുജനങ്ങളിലും സംശയം വര്‍ധിപ്പിച്ചത്. നടിയുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തിയിട്ടും കോടതി അതേക്കുറിച്ച് മിണ്ടിയില്ല. ദിലീപിന്റെ അഭിഭാഷകരാണ് കോടതിയില്‍നിന്ന് തെളിവുകള്‍ ചോര്‍ത്തുന്നതിന് നേതൃത്വം കൊടുത്തതെന്നത് ഗുരുതരമായ കുറ്റമായിട്ടും ഇവര്‍ക്കെതിരെ അന്വേഷിക്കാത്തതും പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കേസന്വേഷിക്കുന്ന ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയ നിയമനത്തെ തുടര്‍ന്നാണ്. കേസില്‍ 90 ദിവസം ദിലീപിനെയും മുഖ്യപ്രതി പള്‍സര്‍ സുനിയെയുമടക്കം ജയിലിലിട്ടുവെന്നാണ് സര്‍ക്കാര്‍ നേട്ടമായി പറയുന്നതെങ്കില്‍ റിമാന്‍ഡ് വാങ്ങിക്കൊടുക്കല്‍ മാത്രമാണോ പ്രോസിക്യൂഷന്റെ ജോലി? അന്വേഷണ ഉദ്യോഗസ്ഥരെ പോലും വകവരുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്നു പറയുന്ന അത്യപൂര്‍വ കേസിലടക്കം സര്‍ക്കാര്‍ നിലപാടിതാണെങ്കില്‍ പിന്നെയെവിടെയാണ് കേരളത്തിന്റെ സുരക്ഷ?

നടിയുടെ ഹര്‍ജിക്കെതിരെ സി.പി.എം നേതാക്കളൊന്നാകെ അവള്‍ക്കെതിരെ രംഗത്തുവന്നതാണ് അതിലേറെ ജനത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. തന്റെ ന്യായമായ സംശയങ്ങള്‍ യുവതി ബോധിപ്പിച്ചതിനെ പ്രതിപക്ഷവുമായി കൂട്ടുചേര്‍ന്നാണെന്ന് ആക്ഷേപിക്കാന്‍പോലും സി. പി.എം സംസ്ഥാന സെക്രട്ടറിയും മന്ത്രി ആന്റണി രാജുവും തയ്യാറായി. മുന്‍മന്ത്രി എം.എം മണിയാകട്ടെ പതിവനുസരിച്ച് പി.സി ജോര്‍ജിനെപോലെ നടിയെ വ്യക്തിപരമായി ആക്രമിച്ചു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞമട്ടിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഉന്നതരെയെല്ലാം കേസിന്റെ നിജസ്ഥിതിയെക്കുറിച്ച് ബോധിപ്പിച്ചതായി നടിയുടെ അഭിഭാഷക ടി.ബി മിനി പറയുന്നത് കൊള്ളുന്നത് ഇതേ മുഖ്യന്ത്രിയിലേക്കല്ലേ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി വിഷയത്തെ കൂട്ടിക്കെട്ടി പ്രതിപക്ഷത്തിന്റെ വിജയം തടയാമെന്നാണ് സി.പി.എമ്മിന്റെ കുതന്ത്രം. നടിയെ രക്ഷിച്ച് കേസിലേക്കെത്തിച്ച അന്തരിച്ച കോണ്‍ഗ്രസ് സാമാജികന്‍ പി.ടി തോമസിനെപോലും അപമാനിക്കാനിവര്‍ക്ക് മടിയില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം മിണ്ടാതിരിക്കണമെന്നാണെങ്കില്‍ പിന്നെ അവരുടെ ജോലിയെന്താണ്? അവള്‍ക്കൊപ്പമെന്നുപറഞ്ഞ് അന്താരാഷ്ട്ര സിനിമാവേദിയില്‍ കൊണ്ടുപോയി നടിയെ പ്രദര്‍ശിപ്പിച്ചവരുടെ കാപട്യമാണിവിടെ അഴിഞ്ഞുവീഴുന്നത്. കേസില്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കരുതേണ്ടത്. ആദ്യം മുതല്‍ മുഖ്യമന്ത്രിയും സി.പി.എം-ഇടത് എം.എല്‍.എമാരുമാണ് സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നുപറഞ്ഞത് എന്നതിനാല്‍ ഈ കാപട്യക്കാരില്‍നിന്ന് ഇരയ്ക്കും കേരളീയ സ്ത്രീ സമൂഹത്തിനും നാടിനും നീതികിട്ടുമെന്നു കരുതുക മൗഢ്യമാണ്.