അശ്‌റഫ് തൂണേരി

ദോഹ: ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ആരോഗ്യമന്ത്രി ഡോ.ഭാരതി പ്രവീന്‍ പവാര്‍ എന്നിവരും ഉന്നതതല സംഘവും ചതുര്‍ദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തുന്നു. ജൂണ്‍ 4ന് ദോഹയിലെത്തുന്ന സംഘത്തില്‍ രാജ്യസഭാ അംഗങ്ങളായ സുശീല്‍കുമാര്‍ മോഡി, വിജയ്പാല്‍ സിംഗ് തോമര്‍ എന്നിവരും ലോകസഭാംഗം പി രവീന്ദ്രനാഥും ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഖത്തറിലെത്തുന്ന സംഘം ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ലാ ബിന്‍ ഹമദ് അല്‍താനിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. സംയുക്ത സമിതികളുടെ അവലോകനത്തിനു പുറമെ വ്യാപാര വാണിജ്യ പ്രമുഖരുടെ വട്ടമേശാ യോഗവുമുണ്ടാവും. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വീകരണ പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. ജൂണ്‍ ആറിന് വൈകീട്ട് ഷെരാട്ടണ്‍ ഹോട്ടിലിലാണ് സ്വീകരണ ചടങ്ങ്. നയതന്ത്ര സൗഹൃദത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ഇരു രാഷ്ട്രങ്ങള്‍ക്കും പ്രധാനപ്പെട്ട നയതന്ത്ര സന്ദര്‍ശനമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗാബന്‍, സെനഗല്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം ദോഹയിലെത്തുന്നത്. ജൂണ്‍ ഏഴിന് മടങ്ങും.