അശ്‌റഫ് തൂണേരി

ദോഹ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഫിഫ ലോകകപ്പ് മത്സരത്തിന് അരങ്ങൊരുങ്ങുന്ന ഖത്തറിലേക്ക് കൂടുതല്‍ ആരാധകരെ എത്തിക്കാന്‍ പ്രത്യേക സര്‍വ്വീസുമായി ഖത്തര്‍ എയര്‍വെയിസും മറ്റ് ഗള്‍ഫ് വിമാനക്കമ്പനികളും. ഖത്തര്‍ എയര്‍വെയിസിനൊപ്പം ഫ്‌ളൈ ദുബൈ, കുവൈത്ത് എയര്‍വെയിസ്, ഒമാന്‍ എയര്‍, സഊദിയ എന്നീ വിമാനകമ്പനികളാണ് ലോകകപ്പ് മത്സര ദിനങ്ങളില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വെയിസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍ അറിയിച്ചു.

ദുബൈ, മസ്‌ക്കറ്റ്, കുവൈത്ത് സിറ്റി, ജിദ്ദ, റിയാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് ഷട്ടില്‍ സര്‍വ്വീസ് ഉണ്ടാവുക. മധ്യപൂര്‍വ്വേഷ്യയിലെ എന്നത്തേയും അപൂര്‍വ്വ ലോക കപ്പ് മത്സരമാക്കി മാറ്റാന്‍ ഗള്‍ഫ് സഹകരണ സമിതിയിലെ വിമാനക്കമ്പനികള്‍ ചേര്‍ന്ന് സര്‍വ്വീസ് ഒരുക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ലോക കപ്പ് ടിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് ഹോട്ടല്‍ ബുക്കിംഗില്ലാതെ തന്നെ ഖത്തറിലെത്താനാവും. ഫ്‌ളൈ ദുബായ് പ്രതിദിനം 30 റൊട്ടേഷനുകളിലായി 60 പ്രതിദിന ഫ്‌ളൈറ്റുകളാണ് സര്‍വ്വീസ് നടത്തുക. ഒരു ദിവസം 2,700 ആരാധകരെ എത്തിക്കാനാവും. കുവൈത്ത് എയര്‍വേയ്‌സ് പ്രതിദിനം 1,700 കളിയാരാധകരെ ഉള്‍ക്കൊള്ളാനാവുന്ന വിധം 10 റൊട്ടേഷനില്‍ മൊത്തം 20 വിമാനങ്ങള്‍ പറപ്പിക്കും. കൂടാതെ ഒമാന്‍ എയര്‍ 24 റൊട്ടേഷനുകളിലായി 48 വിമാനങ്ങള്‍ വരെ എത്തിക്കും. 3,400 കളിയാസ്വാദകരാണ് ഇതിലൂടെ ഒരു ദിവസമെത്തുക.

സൗദി എയര്‍ലൈന്‍ റിയാദിനും ജിദ്ദയ്ക്കുമിടയില്‍ 30 റൊട്ടേഷനുകളോടെ പ്രതിദിനം 60 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തും. ലോക കപ്പിന്റെ തുടക്കം മുതല്‍ അവസാനം വരെ ആരാധകര്‍ക്ക് തടസ്സമില്ലാത്ത കളിയനുഭവം സമ്മാനിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെക്ക് ഇന്‍ ബാഗേജില്ലാതെ എളുപ്പത്തില്‍ വരാനും പോകാനുമാവുമെന്നും അക്ബര്‍ അല്‍ബാകിര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.