Video Stories
കെ.എം മാണി എന്നെ വിസ്മയിപ്പിച്ച നേതാവ്: ഉമ്മന്‍ചാണ്ടി
കോട്ടയത്ത് എന്റെ സീനിയര്‍ നേതാവായിരുന്നു കെ.എം. മാണി സാര്‍. അന്ന് അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നു. ഞാന്‍ കെഎസ്യുക്കാരനും. കോട്ടയം ഡിസിസി ഓഫീസിനു മുന്നിലൂടെയാണ് ഞാന്‍ അന്ന് സിഎംഎസ് കോളജില്‍ പോയിരുന്നത്. ഡിസിസി സെക്രട്ടറിയായിരുന്ന മാണി സാറിനെ അതു വഴി പോകുമ്പോള്‍, പലവട്ടം കണ്ടിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകനെന്ന നിലയില്‍ ഓഫീസിനകത്തുവച്ചും മാണി സാറിനെ കണ്ടിട്ടുണ്ട്. അന്നും കാണാന്‍ നല്ല ഗാംഭീര്യമാണ്.
1970ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് കന്നി ടിക്കറ്റ് കിട്ടി. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. അകലക്കുന്നം, പള്ളിക്കത്തോട്, അയര്‍ക്കുന്നം, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകള്‍ പുതുപ്പള്ളിയില്‍ പുതുതായെത്തി. എനിക്ക് അന്ന് ഈ പ്രദേശങ്ങളുമായി കാര്യമായ ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോള്‍ പാലാ കെ.എം മാത്യു സാര്‍ വലിയ സഹായമായി കൂടെ നിന്നു. അപ്പോഴും നാലു പഞ്ചായത്തുകള്‍ പേടി സ്വപ്നമായി നിലകൊണ്ടു. തുടര്‍ന്നാണ് ഞാന്‍ മാണി സാറിന്റെ സഹായം തേടിയത്. തുടര്‍ന്ന് അദ്ദേഹം ഈ പ്രദേശത്തെ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏറ്റെടുത്തു. അഞ്ചു യോഗങ്ങളില്‍ പ്രസംഗിച്ചു. അതോടെ കളംമാറി. കന്നിവിജയം 7288 വോട്ടിനായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അവിടെനിന്നാണ്.
തെരഞ്ഞടുപ്പിന് പാര്‍ട്ടി ചിഹ്നം നല്കാന് എത്തിയ കെ.എം ചാണ്ടി സാര്‍ പറഞ്ഞു, പുതുപ്പള്ളിയില്‍ ജയിക്കാമെന്നു നോക്കണ്ടാ, രണ്ടാം സ്ഥാനത്തുവന്നാല്‍ ജയിച്ചതായി ഞങ്ങള്‍ കണക്കു കൂട്ടും എന്ന്. വാശിയേറിയ ത്രികോണ മത്സരത്തില്‍ ജയിക്കാന്‍ അന്ന് എന്നെ സഹായിച്ചത് മാണി സാറായിരുന്നു എന്ന് അനുസ്മരിക്കട്ടെ.
കോണ്‍ഗ്രസില്‍ ഒന്നിച്ചു തുടങ്ങിയ ഞങ്ങള്‍ പിന്നീട് പാര്‍ട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലഘത്തില്‍ മുന്നണി മാറിയും സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ഊഷ്മളമായ സൗഹൃദത്തിന് ഒരിക്കല്‍പ്പോലും ഇടിവു തട്ടിയിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളില്‍ അദ്ദേഹം ധനം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 49 വര്‍ഷം ഞാന്‍ നിയമസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിയമസഭയിലും മന്ത്രിസഭയിലും പൊതുപ്രവര്‍ത്തനരംഗത്തുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും വിസ്മയപ്പിച്ചിട്ടുണ്ട്.
ഏതാണ്ട് 24 മണിക്കൂറും ജനങ്ങളുടെ ഇടയില്‍ കഴിയുന്ന ആള്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. ഔപചാരികത എന്ന ഒരു മതില്‍ക്കെട്ട് സൂക്ഷിക്കാറില്ല. മാണി സാറിന് ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകള്‍ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആള്‍ക്കാരുമായി ബന്ധം നിലനിര്‍ത്തുന്നതിലും ഒരുപക്ഷേ മാണി സാര്‍ എനിക്കു ഗുരുവായി വരും. പാലായിലെ ഓരോ വോട്ടറെയും അദ്ദേഹം പേരെടുത്തു വിളിക്കുന്നതു കേള്‍ക്കാം. എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ്. പാലാക്കാരുടെ ചങ്കൂറ്റത്തിനു പിന്നില്‍ മാണിസാറുണ്ട്. സാറുണ്ടെങ്കില്‍ പിന്നൊന്നും പേടിക്കാനില്ലെന്നാണ് അവര്‍ പറയാറുള്ളത്.
ചരമം, വിവാഹം തുടങ്ങി വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന സമയങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തിയിരിക്കും. തിരക്കിനിടയില്‍ ചിലപ്പോള്‍ വൈകിയായിരിക്കും വരിക. പക്ഷേ, വന്നിരിക്കും എന്നുറപ്പ്. പാലായുമായുള്ള ഹൃദയബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത് പാലാ എന്റെ രണ്ടാം ഭാര്യയാണ് എന്ന്. അങ്ങനെ പറയാന്‍ ധൈര്യമുള്ള മറ്റൊരു ജനപ്രതിനിധി ഉണ്ടോ എന്നെനിക്കു സംശയമാണ്.
മാണി സാര്‍ ഉണ്ടാക്കിയ ഒരു പൊതുപ്രവര്‍ത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവര്‍ത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആര്‍ക്കും രണ്ടാമത് ജയിക്കാന്‍ പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു. ജനപ്രതിനിധികള്‍ വികസനത്തിന്റെ പതാകവാഹകരായത് മാണിസാര്‍ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കി. നിരവധി റിക്കാര്‍ഡുകളുടെ ഉടമയാണ് അദ്ദേഹം. ഇനിയാര്‍ക്കും അതു തകര്‍ക്കാനാവില്ല. ഒപ്പമെത്താനുമാകില്ല. പാലാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. കോളജില്‍ പഠിക്കുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് അദ്ദേഹം തോറ്റിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കാലം മന്ത്രി. ഏറ്റവും കൂടുതല്‍ തവണ മന്ത്രി. ആറു നിയമസഭകളില്‍ മന്ത്രിയായി. ഏറ്റവും കൂടുതല്‍ തവണ, പത്ത് ബജറ്റുകള്‍ അവതരിപ്പിച്ചു.
ബജറ്റുകളുടെ തോഴന്
പത്ത് ബജറ്റുകളും മാണിസാറിന് പത്ത് അനു‘വങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമോ, ഡോക്ടറേറ്റോ ഒന്നും അദ്ദേഹത്തിനില്ല. എങ്കിലും കേരളം കണ്ടിട്ടുള്ള ഏറ്റവും ഭാവനാപൂര്‍ണമായ ചില പദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം കേട്ടിരിക്കേണ്ട അനു‘വമാണ്. രണ്ടു രണ്ടര മണിക്കൂര്‍ ഇടതടവില്ലാതെ, ഒരു കുത്തൊഴുക്കു പോലെയാണ് അദ്ദേഹത്തിന്റെ അവതരണം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ ഈ ബജറ്റുകള്‍ നിര്‍ണായക പങ്കുവഹിച്ചു.
വരവുചെലവു കണക്കിലൊതുങ്ങി നിന്ന ബജറ്റിനെ അദ്ദേഹം സാമൂഹിക പരിവര്‍ത്തനോപാധിയാക്കി. ബജറ്റ് നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് പരസ്യമായി സ്വീകരിച്ചു. അതില്‍ സംവാദം നടത്തി. 1976- 77ല്‍ കന്നിബജറ്റ് അമ്പരപ്പിച്ചു. കമ്മി ബജറ്റുകളുടെ കാലത്ത് 1980ല്‍ മിച്ച ബജറ്റ് അവതരിപ്പിച്ച് കയ്യടിയും വിവാദവും ഉണ്ടാക്കി. കെ.എന്‍. രാജിനെപ്പോലൊരും സാമ്പത്തിക സൈദ്ധാന്തികനുമായി കൊമ്പുകോര്‍ത്തു. എങ്കിലും മാണി സാറിന് തന്റെ ഭാഗം വാദിച്ച് വിജയിപ്പിക്കാനായി.
രാജ്യത്ത് ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്ഷന് നടപ്പാക്കിയത് ഈ ബജറ്റിലാണ്. 2011ല്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്ഷന് നല്‍കാനും തീരുമാനിച്ചു. പ്രതിമാസം 10 യൂണിറ്റ് വരെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമായി നല്കി. 77 നു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്കുമെന്നു പ്രഖ്യാപിച്ചത് 84ലെ ബജറ്റില്‍. പട്ടയ വിപ്ലവം, വെളിച്ചവിപ്ലവം തുടങ്ങിയ നൂതന ആശയങ്ങള്‍ അദ്ദേഹത്തിന്റെതാണ്.
കാരുണ്യയും വിലസ്ഥിരതാ പദ്ധതിയും
യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ പദ്ധതി കാരുണ്യ ചികിത്സാ പദ്ധതിയാണ്. അഞ്ചുവര്‍ഷം കൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേര്‍ക്ക് നല്കി. ഇടതുസര്‍ക്കാരിന്റെ കാലത്ത് സാന്റിയാഗോ മാര്‍ട്ടിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ കേരള ലോട്ടറി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കൈയൊപ്പായി മാറുകയാണു ചെയ്തത്. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. കാരുണ്യ പദ്ധതി തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. രോഗശയ്യയില്‍ കിടന്നുകൊണ്ടും മാണിസാര്‍ കാരുണ്യയ്ക്കുവേണ്ടി പോരാടി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാരുണ്യ നിര്‍ത്തലാക്കരുത് എന്നായിരുന്നു.
ഒരു കിലോ റബറിന് 150 രൂപ വില ഉറപ്പാക്കുന്ന വില സ്ഥിരതാഫണ്ട് റബര്‍ കര്‍ഷകര്‍ക്ക് വലിയൊരു നേട്ടമായി. റബര്‍ വില കുത്തനേ ഇടിഞ്ഞപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നപ്പോള്‍ മാണി സാര്‍ രക്ഷകനായി രംഗത്തുവരുകയായിരുന്നു.
മാണി സാറിന്റെ വിയോഗം പലര്‍ക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവര്‍ത്തകനായിരുന്നു. എല്ലാത്തിലും ഉപരി ഏതു കാര്യത്തിലും ഉപദേശം തേടാന്‍ പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അതു പലപ്പോഴും വലിയ ആത്മവിശ്വാസം പകര്‍ന്നു തന്നിട്ടുണ്ട്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

