Connect with us

Video Stories

കരുതലോടെ കാവലൊരുക്കാം

Published

on

പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള അനുകൂല സാഹചര്യങ്ങളെ പ്രതീക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടുന്നത് ശുഭസൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുകയും ചെയ്യുന്ന സന്ദര്‍ഭത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം ഫലപ്രദമാകുമെന്ന കാര്യം തീര്‍ച്ച. മാത്രമല്ല, നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര കക്ഷികള്‍ക്ക് കൂടൂതല്‍ കരുത്തോടെ മുന്നേറാന്‍ ഇത് സഹായകമാവുക തന്നെ ചെയ്യും. മോദിയെ വീഴ്ത്തി, വിശാല മതേതര സഖ്യം അധികാരസ്ഥാനത്ത് അവരോധിതമാവുന്നതിന്റെ സമ്മോഹന സാഹചര്യത്തെകുറിച്ച് മെയ് 21ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ ഇതിന് ശക്തിപകരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു നടത്തിയ കൂടിക്കാഴ്ചയും ഇതിന് അടിവരയിടുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിലെല്ലാം മോദിക്കെതിരെയുള്ള ജനരോഷം വോട്ടായി പരിണമിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഒന്നൊഴിയാതെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഉത്സാഹം കാണിച്ചതും കുത്തക സീറ്റുകളില്‍പോലും ബി.ജെ.പി പരാജയത്തിന്റെ വെപ്രാളം കാണിക്കുന്നതുമെല്ലാം മതേതര കക്ഷികള്‍ക്ക് പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് വേദികളില്‍ വ്യക്തിഹത്യകളും ഭീഷണികളുമായി സ്വയം പരിഹാസ്യനായി കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതര്‍ച്ചയും കനത്ത പരാജയത്തിന്റെ ലക്ഷണമാണ് പ്രകടമാക്കുന്നത്. അതിനാല്‍തന്നെ ഇന്ദ്രപ്രസ്ഥത്തിന് കരുതലോടെ കാവലൊരുക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
സങ്കീര്‍ണമായ സാഹചര്യങ്ങളെ സമര്‍ത്ഥമായി വിജയിപ്പിച്ചെടുക്കുന്ന ‘രാഹുല്‍ ഇഫക്ട്’ ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍ക്കൊണ്ടു എന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം മതേതര കക്ഷികളെ കോണ്‍ഗ്രസ് ബോധ്യപ്പെടുത്തിക്കൊടുത്തതും ഈയൊരു ദൗത്യനിര്‍വഹണം തന്നെയായിരുന്നു. രാജ്യതാത്പര്യ വിരുദ്ധമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങളാണ് ഉയര്‍ന്നിരുന്നത്. മോദി സര്‍ക്കാറിന്റെ ആദ്യകാലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് അവസരം നല്‍കുന്നത് നിസഹായതയോടെ രാജ്യത്തിനു നോക്കിനില്‍ക്കേണ്ടിവന്നിട്ടുണ്ട്. അന്നും മതേതര ഐക്യം ഊട്ടിയുറപ്പിക്കാന്‍ കോണ്‍ഗ്രസ് ആവുംവിധം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കു വഹിച്ചിരുന്ന പല പാര്‍ട്ടികള്‍ക്കും മതേതര കൂട്ടായ്മയുടെ പ്രാധാന്യം സ്വയം പഠിക്കേണ്ടിവന്നു. ഇടതുപാര്‍ട്ടികള്‍ മാത്രമാണ് അന്നും ഇന്നും ഈ കൂട്ടായ്മയോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത്. ബി. ജെ.പിക്കെതിരെ ക്രിയാത്മകമായ നയമോ നിലപാടുകളോ പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എപ്പോഴും കേരളവും ത്രിപുരയും ഓര്‍ത്ത് സ്വയം കൃതാര്‍ത്ഥരാകുന്ന അല്‍പത്തമാണ് ആവര്‍ത്തിച്ചുവന്നത്. ത്രിപുരയില്‍ ചില്ലുകൊട്ടാരം പോലെ ചുവപ്പു സാമ്രാജ്യം തകര്‍ന്നു തരിപ്പണമായപ്പോള്‍ മാത്രമാണ് ഒരു വിഭാഗം നേതാക്കളെങ്കിലും രാജ്യത്തെ ഭീതിതമായ കാഴ്ചകളിലേക്കു കണ്ണുതുറന്നത്. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മന്നണി മോഹം ഉപേക്ഷിക്കാതെ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം മനസില്‍ താലോലിക്കുകയാണ് ഇടതുപക്ഷം.
ഇന്ന് ചിത്രങ്ങള്‍ ഏറെക്കുറെ മാറിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ജനവികാരം രാജ്യമാകെ പടര്‍ന്നുപിടിക്കുകയാണ്. അഞ്ചു വര്‍ഷംകൊണ്ട് അവര്‍ ഉയര്‍ത്തിവിട്ട അഴിമതിയുടെയും വര്‍ഗീയതയുടെയും അനുരണനങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടി നല്‍കികൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന പല പാര്‍ട്ടികളും ഇന്ന് ബി.ജെ.പിയെ കൈവിട്ടു. നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ താമരയുടെ തണലുപേക്ഷിച്ച് നന്മയുടെ തീരമണഞ്ഞു. പലരും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കെതിരെ തീപ്പാറും പോരാട്ടത്തില്‍ നിറഞ്ഞുനിന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തോടെ ബി.ജെ.പിയെ പ്രതിരോധംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. തന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ഗാന്ധിക്കു മറുപടി പറയാന്‍ മാത്രം വായ തുറക്കുന്ന ഗതികേടിലായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമുള്ള ജനക്കൂട്ടത്തെ കണ്ട് ബി.ജെ.പി ക്യാമ്പുകളുടെ കണ്ണുതള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഇടങ്ങളിലെ പോളിങ് ശതമാനക്കണക്കുകളും പ്രീ പോള്‍ സര്‍വേകളും കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്ന് പ്രവചിച്ചു. ഇതെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാം മറന്നുള്ള ഐക്യപ്പെടലിന് ഹേതുകമാവുകയും ചെയ്തു.
ഇരുപത്തൊന്ന് കക്ഷി നേതാക്കളാണ് മെയ് 21ന് ഒത്തുകൂടുന്നത്. 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23ന് ഫലവും പുറത്തുവരും. അതിനുമമ്പേ സഖ്യസര്‍ക്കാര്‍ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍തന്നെ നേതൃത്വം നല്‍കുന്നു എന്നതാണ് ഈ യോഗത്തിന്റെ പ്രാധാന്യം. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് 21 പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കാനും ധാരണയായിട്ടുണ്ട്. ഫലം പുറത്തുവന്ന ഉടന്‍ പരസ്പരം പിന്തുണക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുന്ന കത്ത് രാഷ്ട്രപതിക്ക് നല്‍കാനും തീരുമാനമുണ്ട്. പതിനേഴാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ രണ്ടുഘട്ടങ്ങള്‍ മാത്രം അവശേഷിക്കവെ അസാധാരണ നീക്കവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നതില്‍ സാംഗത്യമുണ്ടെന്നര്‍ത്ഥം. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിക്കൊണ്ടിരിക്കെ ഒരുമുഴം മുമ്പേ രാജ്യത്തിന് കാവലൊരുക്കാനുള്ള ഈ തിടുക്കം ഇതിനു മുമ്പു കാണാത്തത്ര ഗൗരവതരമാണ്. രാജ്യത്തെ ഇനിയും പിച്ചിച്ചീന്തിയെറിയാന്‍ സംഘ്പരിവാറിന് അവസരം നല്‍കാതിരിക്കാനുള്ള മതേതര മനസുകളുടെ ഈ ഉറച്ച കാല്‍വെപ്പ്ഫലപ്രാപ്തിയിലെത്തട്ടെ എന്നു പ്രാര്‍ത്ഥിക്കാം; പ്രത്യാശയോടെ കാത്തിരിക്കാം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending