Video Stories
സാമൂഹിക കാഴ്ചപ്പാടില്‍ ബാധിച്ച വൈറസ്
സുഫ്യാന് അബ്ദുസ്സലാം
പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാവുകയും ചെയ്തപ്പോള്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെപോയ ആത്മഹത്യയായിരുന്നു കൊല്ലത്തെ വിദ്യാര്‍ത്ഥി ഖായിസ് റഷീദിന്റേത്. രണ്ടു ആത്മഹത്യകളുടെയും പശ്ചാത്തലങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും കേരളീയ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലെ വൈകല്യങ്ങളാണ് രണ്ടിന്റെയും യഥാര്‍ത്ഥ കാരണമെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പണി പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് സാജന് പാറയില്‍ എന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതെങ്കില്‍ താല്പര്യമില്ലാതെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്ക് നിര്‍ബന്ധിക്കപ്പെട്ട കാരണത്താലാണത്രെ ഖായിസ് ജീവനൊടുക്കിയത്. സാജന്റെ ആത്മഹത്യക്ക് നഗരസഭയും സര്‍ക്കാര്‍ സംവിധാനങ്ങളും കാരണമാകുന്നതുകൊണ്ട് അത് രാഷ്ട്രീയ പ്രശ്നമായി മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിയമനിര്‍മ്മാണ സഭകളും ഏറ്റെടുത്തിരിക്കുകയാണ്. ഖായിസിന്റെ ആത്മഹത്യ എവിടെയും ചര്‍ച്ചയാവാത്തത് അതിനു രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്തതുകൊണ്ടും മതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പൊതുസമൂഹം തന്നെ അതിനുത്തരവാദികള്‍ ആയതുകൊണ്ടുമാണ്.
കര്‍ഷക ആത്മഹത്യകളും പ്രണയ നൈരാശ്യം, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാലുള്ള ആത്മഹത്യകളും കടം മൂലമുള്ള ജീവനൊടുക്കലുകളും കേരളത്തെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. രാജ്യത്ത് ആത്മഹത്യാനിരക്കുകളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. സാക്ഷരതയും വിദ്യാഭ്യാസവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലായിരുന്നിട്ടുപോലും ആത്മഹത്യാപ്രവണത വര്‍ധിക്കുന്നത് കണ്ണുകള്‍ തുറപ്പിക്കേണ്ടതുണ്ട്. പെരുകുന്ന ആത്മഹത്യക്ക് പരിഹാരം നിശ്ചയിക്കുന്നതിന് സര്‍ക്കാരുകള്‍ക്കോ സംഘടനകള്‍ക്കോ മാധ്യമങ്ങള്‍ക്കോ സാധിക്കുന്നില്ല. നേരത്തെ കുറ്റകൃത്യമായിരുന്ന ആത്മഹത്യ 2018 മെയ് 29 മുതല്‍ കുറ്റകൃത്യമല്ലാതായിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളാണ് മിക്ക ആത്മഹത്യക്കും കാരണമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാനസികാരോഗ്യ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കുന്നതിന്പകരം അവരെ സംരക്ഷിക്കാനാവശ്യമായ നടപടികളാണ് വേണ്ടതെന്ന നിരീക്ഷണത്തില്‍ അധികാരികള്‍ എത്തിയത്.
വ്യക്തി, കുടുംബം, സമൂഹം എന്നീ അടിസ്ഥാന ഘടകങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെയേറെ മാറിക്കഴിഞ്ഞു. പഴയകാലങ്ങളിലുണ്ടായിരുന്ന വ്യക്തി ബന്ധങ്ങള്‍ക്കും കുടുംബ സംവിധാനങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വ്യക്തി കുടുംബ ബന്ധങ്ങളെകുറിച്ച് വലിയ പ്രഘോഷണങ്ങള്‍ നടക്കാറുണ്ടെങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടനകളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതോടെ പ്രഭാഷണങ്ങളും എഴുത്തുകളും അവയില്‍ ചുരുങ്ങുകയും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാതെപോവുകയും ചെയ്യുന്നു. കേരളസംസ്ഥാനം രൂപംകൊണ്ടശേഷം നടപ്പാക്കിയ ഭൂപരിഷ്കരണ നയങ്ങള്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയെ പ്രതികൂലമായാണ് ബാധിച്ചത്. കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അവലംബിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളെ ഇത് സാരമായി ബാധിച്ചതോടെ കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് കോട്ടംതട്ടി. ഉന്നതവിദ്യാഭ്യാസം വഴി വ്യക്തികള്‍ വലിയ സമ്പന്നരായെങ്കിലും കുടുംബ വ്യവസ്ഥതിയില്‍ അത് സാരമായ വിള്ളലുകള്‍ സൃഷ്ടിച്ചു. കൂട്ടുകുടുംബങ്ങള്ക്ക്പകരം അണു കുടുംബങ്ങളായി. വളരെ അടുത്ത രക്തബന്ധങ്ങള്‍പോലും അന്യരാവുന്ന അവസ്ഥ സംജാതമായി. അയല്പക്കങ്ങള്ക്കിടയില് വലിയ മതിലുകള്‍ നിര്‍മ്മിക്കപ്പെട്ടു. കടുത്ത മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ അവരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍പോലും ആളുകളില്ലാതെ അന്തര്‍മുഖരായിത്തീര്‍ന്നു. പഴയ തലമുറയിലെ കാരണവന്മാര്വഴി പകര്‍ന്നുകിട്ടിയ ദൈവവിശ്വാസത്തിലധിഷ്ഠിതമായ അറിവുകള്‍ ഉപയോഗപ്പെടുത്തി ജീവിതത്തെ ക്രമപ്പെടുത്തിയവര്‍ക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കുറെയൊക്കെ സാധിച്ചുവെങ്കിലും ദൈവ വിശ്വാസികളിലെതന്നെ പുതുതലമുറയില്‍ സംഭവിച്ച വികലമായ ജീവിതകാഴ്ചപ്പാടുകള്‍ അവരെ ആത്മഹത്യയടക്കമുള്ള കടുത്ത അവസ്ഥകളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
ഗള്‍ഫിലേക്കുള്ള കുടിയേറ്റം മലയാളിക്ക് വലിയ പ്രതീക്ഷകള്‍ നല്കി. ജീവിതയോധനത്തിനായി കഷ്ടപ്പെട്ടിരുന്ന മിക്ക കുടുംബങ്ങളും കരകയറിയത് ഗള്‍ഫ് കൊണ്ടായിരുന്നു. ഇടത്തരക്കാരായ പലരും ധനികരായി. പക്ഷേ അത് താല്‍ക്കാലികമാണെന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി അവര്‍ കൈവരിച്ചിരുന്നില്ല. പലരും ഉയര്‍ന്ന ജീവിത ശൈലികളിലേക്ക് മാറി. കാറും ബംഗ്ലാവും ആഡംബര ജീവിതവുമാണ് ഔന്നത്യത്തിന്റെ അടയാളമായി അവരിലധികപേരും കണ്ടിരുന്നത്. ഉപഭോഗ സംസ്കാരം വര്‍ധിച്ചു. ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവ് ചെയ്തിരുന്ന പഴയ തലമുറയില്‍നിന്നും മാറി ആഡംബരങ്ങള്‍ക്കും ധൂര്‍ത്തിനുമായി സമ്പാദ്യങ്ങള്‍ ചിലവിട്ടു. മിച്ചംവെച്ചിരുന്ന സമ്പത്ത് പണമിരട്ടിപ്പുകാര്ക്കും ബിസിനസുകാര്‍ക്കും നല്കി വലിയ മോഹങ്ങള്‍ കൊണ്ടുനടന്നു. ഗള്‍ഫുകാരന്റെ അജ്ഞത കൈമുതലാക്കി ബിസിനസുകാര്‍ തഴച്ചുവളര്‍ന്നു. ചിലര്‍ രക്ഷപ്പെട്ടുവെങ്കിലും പലരും വഞ്ചിക്കപ്പെട്ടു.
വിദ്യാഭ്യാസം സംസ്കാരത്തിന്റെ അടയാളമായിരുന്നു മലയാളിക്ക്. ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ഉയര്‍ന്ന മൂല്യങ്ങളും ഉന്നത സംസ്കാരവും പകര്‍ന്നുനല്‍കിയിരുന്നത്. അധ്യാപനം തൊഴിലായല്ല, സാമൂഹിക പുരോഗതിയുടെ ഉപകരണമായായിരുന്നു കണ്ടിരുന്നത്. ഉയര്‍ന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ നിലവാരവും കേരളത്തെ വ്യത്യസ്തമാക്കിയ ഘടകങ്ങളാണ്. എന്നാല്‍ സമീപ കാലത്തുണ്ടായ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തെ കേവലമൊരു ധനസമ്പാദന മാര്‍ഗമാക്കി മാറ്റി. അയഥാര്‍ത്ഥമായ ജോലിമോഹങ്ങള് സംഘര്‍ഷഭരിതമായ യുവ മനസ്സുകളെ സൃഷ്ടിച്ചു. വിദ്യാഭ്യാസം കുടുംബത്തിന്റെ അഭിമാനത്തിന്റെ അടയാളമായി ചുരുങ്ങി. വെറുതെ കിട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിനുപോലും അഭിമാനത്തിന്റെ പേരില്‍ അലക്ഷ്യമായി രക്ഷിതാക്കള്‍ ചിലവിടാന്‍ തുടങ്ങി. ഈ ചെലവുകളുടെ പേരില്‍ കുടുംബങ്ങളില്‍ മക്കളും രക്ഷിതാക്കളും തമ്മില്‍ കലഹങ്ങള്‍ രൂപപ്പെട്ടു. ചെലവഴിച്ച പണം തിരിച്ചുപിടിക്കാനുള്ള ഉപകരണങ്ങളായി കുട്ടികള്‍ മാറി. അതോടെ കുട്ടികള്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വിഷാദങ്ങള്‍ക്കും അടിമകളായി മാറി.
നമ്മുടെ സാമൂഹിക കാഴ്ചപ്പാടുകളില്‍ വലിയ വൈറസുകള്‍ ബാധിച്ചിരിക്കുന്നുവെന്നതാണ് സാജന് പാറയിലിന്റെയും ഖായിസിന്റെയുമെല്ലാം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സാജന് ജനിച്ചത് സമ്പന്ന കുടുംബത്തിലല്ല. ആന്തൂരിലെ കൊറ്റാളി അരയമ്പേത്ത് ലക്ഷ്മണന്റെയും മൈഥിലിയുടെയും നാലാമത്തെ മകനായ സാജന് കഠിനാധ്വാനത്തിലൂടെയാണ് സമ്പന്നനായത്. ബികോം ബിരുദധാരിയായ സാജന് എട്ടു വര്‍ഷം മുംബൈയിലും പിന്നീട് നൈജീരിയയിലുമാണ് പ്രവാസ ജീവിതം നയിച്ചത്. നൈജീരിയയിലെ കൊള്ളക്കാരുടെ അക്രമങ്ങള്‍ക്കും കവര്ച്ചകള്ക്കുമിടയില് വളരെ കഷ്ടപ്പെട്ടാണ് സാജന് ബിസിനസ് നടത്തിയിരുന്നത്. ജീവന്‍പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള സാഹചര്യങ്ങളെ അതിജയിച്ചാണ് സാജന് മുമ്പോട്ടുപോയത്. ചുമട്ടുകാരന് മുതല്‍ മാനേജിങ് ഡയറക്ടര്‍ വരെയുള്ള ജോലികള്‍ ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനുള്ള ശരാശരി പ്രവാസിയുടെ മാനസികാവസ്ഥയാണത്. മുപ്പത് വര്‍ഷത്തെ സമ്പാദ്യവുമായി നാട്ടില്‍ വന്നു ഷോപ്പിങ് കോംപ്ലക്സ് തുടങ്ങാന്‍ പത്തുകോടിയിലധികം നിക്ഷേപം നടത്തി. ചുവപ്പുനാടയില്‍ കുരുങ്ങിയ കോംപ്ലക്സ് മോഹം സാജനെ മറ്റൊരു നാടയില്‍ ജീവിതം കുരുക്കാന്‍ പ്രേരിപ്പിച്ചു. സാജനും ഭാര്യ ബീനയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതായിരുന്നു. ‘ഒരു പ്രവാസിയുടെ പണവും സഹായവും എപ്പോഴും എല്ലാവര്ക്കും ആവശ്യമായിരുന്നു. എന്നാല്‍ ഒരു പ്രശ്നമുണ്ടായപ്പോള്‍ കൂടെനില്ക്കാന് ആരും ഉണ്ടായില്ലെന്ന് അദ്ദേഹത്തിനു തോന്നി. നെഞ്ചിലേറ്റി കൊണ്ടുനടന്നവര്‍തന്നെ സഹായിച്ചില്ല എന്ന തോന്നലായിരുന്നു സാജനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്’ ബീന മാധ്യമങ്ങളോട് പറഞ്ഞു. ഒരു സംരംഭകനോട് അധികാരികള്‍ കാണിച്ച വിമുഖതയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സാധാരണക്കാര്‍ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും അധികാരി വര്‍ഗത്തിന്റെയും ഹുങ്കുകള്‍ക്ക് ഇരയാവുന്നത് നാട്ടുനടപ്പായിരിക്കുന്നു. ഇവിടെ അത്യാവശ്യം വലിയ സംഖ്യ മുതല്‍മുടക്കിയ പ്രവാസി സംരംഭകന്പോലും ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നുവെന്നത് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ‘ക്രേസി ബ്യുറോ’കളുടെ ഉദ്യോഗസ്ഥ ഭ്രാന്തുകളാണ് ഇന്ന് ബ്യുറോക്രസിയെ നയിക്കുന്നത്. അവരും അധികാരിവര്‍ഗവും തമ്മിലുള്ള അവിഹിത ബാന്ധവങ്ങളാണ് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. സാജന് രണ്ടു വര്‍ഷംമുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സംരംഭകന്റെ കയ്യില്‍ പണം ഉണ്ടായതുകൊണ്ടുമാത്രം പോരാ. നമ്മുടെ നഗരസഭകളിലും ടൗണ്‍ പ്ലാനിങ് ഓഫിസുകളിലും ഓരോ രേഖകളുടെ പേരു പറഞ്ഞ് അനാവശ്യമായി സംരംഭകനെ ബുദ്ധിമുട്ടിക്കുകയാണ്. എന്ത് ആവശ്യത്തിനുചെന്നാലും വലിയ കാലതാമസമുണ്ടാകുന്നു. ഈ സ്ഥിതി മാറണം’.
പദ്ധതികള്‍ പരാജയപ്പെടുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ ബോധവത്കരണം അനിവാര്യമാണ്. ജീവിതം നിരവധി പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കേദാരമാണ്. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്. എല്ലാം നഷ്ടപ്പെട്ടിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ എത്രയോ വ്യക്തിത്വങ്ങളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഉയര്‍ന്ന ജീവിതം നയിച്ചിരുന്ന പലരും എല്ലാം നഷ്ടപ്പെട്ടപ്പോള്‍ ചെറിയ ജോലികള്‍ ചെയ്തു ജീവിതം മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്. അമിതമോഹങ്ങളെയും അത്യാഗ്രഹങ്ങളെയും ആശനിരാശകളെയും നിയന്ത്രിച്ച് ഉള്ളതില്‍ തൃപ്തിപ്പെട്ട് ജീവിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയും എല്ലാം സര്‍വശക്തനില്‍ ഭരമേല്പിക്കുകയുമാണ് വേണ്ടത്.
പറക്കമുറ്റും മുമ്പ് ജീവിതം നഷ്ടപ്പെട്ട ഖായിസ് റഷീദ് വികലമായ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ ഇരയാണ്. പത്താം ക്ലാസ് വരെ ബഹ്റൈനിലെ ഏഷ്യന്‍ സ്കൂളില്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ വാങ്ങി വിജയിച്ച ഖായിസ് കോട്ടയത്തെ സ്വകാര്യ സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് 96 ശതമാനം മാര്‍ക്ക് നേടിയാണ്. ‘ഡോക്ടറോ എഞ്ചിനീയറോ’ ആക്കുന്നതിന്റെ ഭാഗമായാണ് രക്ഷിതാക്കള്‍ അവനെ പാലായിലെ കോച്ചിങ് സെന്ററില്‍ ചേര്‍ത്തിരുന്നത്. ഖായിസിന്റെ അഭിരുചിക്കും താല്പര്യത്തിനും വിരുദ്ധമായായിരുന്നു അവനെ കോച്ചിങ് സെന്ററില്‍ ചേര്‍ത്തതെന്ന് പറയപ്പെടുന്നു. വിദ്യാഭ്യാസം നല്ല കാഴ്ചപ്പാടും സംസ്കാരവും വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണെന്ന പഴയ ധാരണകളെ അട്ടിമറിച്ചുകൊണ്ട് പണസമ്പാദനത്തിനുള്ള ഉപാധി മാത്രമായി ആധുനിക സമൂഹം കാണുന്നതിന്റെ പ്രത്യക്ഷോദാഹരണം മാത്രമാണ് ഖായിസിന്റെ സംഭവം. മാതാപിതാക്കളെ തെരുവിലുപേക്ഷിക്കുന്ന മക്കളുടെ കഥകള്‍ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിത്യവര്ത്തകളാണ്. വിദ്യാഭ്യാസം പുതുതലമുറക്ക് ഉത്തരവാദിത്വബോധം നല്‍കുന്നില്ലെന്ന് മാത്രമല്ല സ്വന്തം മാതാപിതാക്കളോട് പോലും ശത്രുതയോടെ പെരുമാറാനാണ് അവരെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെയെങ്കില്‍ എന്തിനീ വിദ്യാഭ്യാസം? ബംഗ്ലാവും കാറും എസിയും മറ്റു കുറെ അത്യാധുനിക സൗകര്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന കാല്പനിക ലോകവുമാണ് ജീവിതമെന്ന കാഴ്ചപ്പാടിലേക്കാണ് പുതുതലമുറയെ നാം നയിച്ചുകൊണ്ടിരിക്കുന്നത്. വിവേകവും വികാരവുമില്ലാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളടങ്ങുന്ന മുതിര്‍ന്ന തലമുറക്ക് തന്നെയാണെന്ന് മനസ്സിലാക്കണം. അണുകുടുംബങ്ങളായി മാറിയ ആധുനിക കുടുംബസംവിധാനത്തില്‍ പൊറുതിമുട്ടുന്ന കുട്ടികള്‍ക്ക്മേല്‍ അമിതമായ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ചുമത്തിക്കൊണ്ടിരിക്കുന്നത്. ദേഹമാസകലം മുറിവേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഖായിസ് പിന്നീട് കൗണ്‍സിലിങിനിടയിലാണ് ആസ്പത്രിയുടെ നാലാം നിലയില്‍ നിന്നും ചാടി മരിച്ചത്. ഇത്രമാത്രം കലുഷിതവും ഭീതിതവുമായ ഒരു മനസ്സ് ആ കുട്ടിയില്‍ എങ്ങനെ രൂപപ്പെട്ടുവെന്നത് അന്വേഷിക്കേണ്ടതുതന്നെയാണ്.
പുതിയ തലമുറയിലെ കുട്ടികള്‍ തോല്ക്കാന് പഠിച്ചിട്ടില്ല എന്നതാണ് അവരനുഭവിക്കുന്ന പ്രതിസന്ധികളുടെ മര്‍മ്മം. വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ ഓരോ സ്കൂളുകളും അവര്‍ മികച്ച വിദ്യാഭ്യാസമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ബൗദ്ധിക നിലവാരം മറച്ചുപിടിച്ചു ഉദാരമായി മാര്‍ക്ക് നല്‍കുകയും വിദ്യാര്‍ത്ഥികളില്‍ അമിതപ്രതീക്ഷ വളര്‍ത്തുകയും അങ്ങനെ രക്ഷിതാക്കളുടെ പ്രീതി കരസ്ഥമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളാവട്ടെ ഏതുസമയവും കുട്ടികള്‍ക്ക് മീതെ വട്ടമിട്ടു പറക്കുന്ന ഹെലികോപ്റ്ററുകളാവുകയും ചെയ്യുന്നു. മഴയും വെയിലുമറിയാത്ത കളിയും ചിരിയും ശീലമില്ലാത്ത സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ തിരിച്ചറിവില്ലാത്ത ജീവച്ഛവങ്ങളോ പരീക്ഷണ വസ്തുക്കളോ ആയി അവര്‍ മാറുന്നു. അവര്‍ മാതാപിതാക്കളെ തെരുവില്‍ വലിച്ചെറിയുകയോ വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നുവെങ്കില്‍ അതൊരു സ്വാഭാവിക പരിണിതി മാത്രമാണ്. രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഇരിക്കുന്ന, സിവില്‍ സര്‍വീസ് പരീക്ഷകളില്‍പോലും ഉന്നത വിജയം നേടിയ പലരും രക്ഷിതാക്കളുടെ സമ്മര്‍ദ്ദങ്ങളില്‍ വളര്‍ന്നു വലുതായവരല്ല. ‘ഹെലികോപ്റ്റര്‍ പേരന്റിങിന്റെ’ നോവറിയാതെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞും ബന്ധങ്ങളുടെ വിലയെറിഞ്ഞും വളര്‍ന്നുവലുതായി വിദ്യാഭ്യാസത്തെ സാംസ്കാരിക കവചമായി സ്വീകരിച്ചവരായിരുന്നു അവര്‍.
മത്സര ലോകത്തിന്റെ ഇരകളാണ് സ്വയം ജീവനൊടുക്കി ഈ ലോകത്തോട് വിട പറഞ്ഞവര്‍. റോഡുകളില്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകളുടെ മരണപ്പാച്ചില്പോലെ തന്നെയാണ് സംരംഭകന്റെയും വിദ്യാര്ത്ഥിയുടേയുമെല്ലാം അവസ്ഥകള്‍. ‘മുതലാളികള്‍ക്ക്’വേണ്ടി ടാര്‍ജെറ്റുകള്‍ പൂര്‍ത്തിയാക്കാനുള്ള ഉപകരണങ്ങളായിട്ടാണ് സമൂഹം അവരെ കാണുന്നത്. ഖായിസുമാര് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ സ്ഥിതി മാറിയേ തീരൂ. മുതിര്‍ന്നവരുടെ ഇച്ഛകള്ക്കനുസരിച്ചല്ല, മറിച്ച് സ്വന്തം നിലവാരവും കഴിവും അഭിരുചിയും തിരിച്ചറിഞ്ഞു ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള ഇച്ഛാശക്തി നേടിയെടുക്കാന്‍ പുതുതലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. സമ്പാദ്യം സമൂഹത്തിനും കുടുംബത്തിനും ഉപകരിക്കാനുള്ളതാണെന്ന തിരിച്ചറിവിലൂടെ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് സ്വപ്നങ്ങള്‍ക്ക് അമിത പ്രതീക്ഷ നല്‍കാതെ, യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞു ജീവിക്കാന്‍ ബിസിനസ് രംഗത്തുള്ളവരും തയ്യാറാവേണ്ടതുണ്ട്. മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ ധനം. അത് നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള വിജ്ഞാനവും കരുത്തും പകര്‍ന്നുനല്‍കിയാല്‍ ആത്മഹത്യകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കും.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india4 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

