Connect with us

Video Stories

കുട്ടേട്ടന്റെ കട്ടന് ഒരു രൂപ മാത്രം

Published

on

കോഴിക്കോട്: കട്ടന്‍ചായക്ക് പോലും ജി.എസ്.ടി ബില്‍ നല്‍കി പ്രതാപം കാണിക്കുന്ന ഹോട്ടലുകള്‍ അരങ്ങ് വാഴുന്ന നഗരത്തില്‍ ഒരു രൂപക്ക് ചായ നല്‍കി വ്യത്യസ്തനാവുകയാണ് തളിയിലെ പി.കെ കുട്ടന്‍ എന്ന കുട്ടേട്ടന്‍. തളി മാരിയമ്മന്‍ ക്ഷേത്രം കഴിഞ്ഞ് മൂന്നോട്ട് നീങ്ങുന്ന പോക്കറ്റ് റോഡിന്റെ വശത്താണ് കുട്ടേട്ടന്റെ ചായക്കട. 30 വര്‍ഷമായി കുട്ടേട്ടന്‍ ഇവിടെയുണ്ട്. ചായക്ക് ഒരു രൂപമാത്രം ഈടാക്കുമ്പോള്‍ കടിക്ക് നാലുരൂപയാണ് വില. നഗരത്തില്‍ വിശന്നു വലയുന്നവര്‍ക്ക് അഞ്ചു രൂപക്ക് ലഘുഭക്ഷണം റെഡി.

ചില്ലുഗ്ലാസില്‍ ആവി പറക്കുന്ന കട്ടന്‍ വെച്ചുനീട്ടുന്ന കുട്ടേട്ടന്‍ ഹൃദയം നിറഞ്ഞ ആതിഥ്യം തന്നെയാണ് അരുളുന്നത്. ഉള്‍നാടന്‍ ഗ്രാമത്തിലെ ചായക്കടയില്‍ നിന്ന് കിട്ടുന്ന വിഭവങ്ങളുടെ രുചിയും മണവും എല്ലാം ഇവിടെയുണ്ട്. പരിപ്പ് വട, ബോണ്ട, സമൂസ, അട എന്നിവയാണ് ഇവിടെ ചായക്ക് കൂട്ടാന്‍ ആയി കിട്ടുന്നത്. രാവിലെ പത്ത് മണിയോടെയാണ് കട തുറക്കുക. ഉച്ചയോടെ അടക്കും. നേരത്തെ വൈകുന്നേരവും കട തുറന്നിരുന്നു. വയസ് 71 ആയി കുട്ടേട്ടന്. അതിനാല്‍ തന്നെ ഫുള്‍ടൈം ജോലി വയ്യ എന്നായിരിക്കുന്നു. എങ്കിലും രാവിലെ കടയില്‍ നല്ല തിരക്കാണ്. ചായ പകരുന്നതും പൈസ വാങ്ങുന്നതും പലഹാരം എടുത്തു നല്‍കുന്നതും എല്ലാം കുട്ടേട്ടന്‍ തന്നെ.
അല്‍പം കോണ്‍ഗ്രസ് രാഷ്ട്രീയവും പൗരബോധവും എല്ലാം കൂടിയതാണ് കുട്ടേട്ടന്റെ വ്യക്തിത്വം. അതിനാല്‍ ചായക്ക് വില കൂട്ടാന്‍ പറ്റുന്നില്ല. സാധാരണക്കാരെ സഹായിക്കാന്‍ ഇതെല്ലാതെ മാര്‍ഗമില്ല എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഒരു ലിറ്റര്‍ പാലിന് നാലുരൂപയും പഞ്ചസാരക്ക് അഞ്ചു രൂപയും ഉണ്ടായിരുന്ന കാലത്താണ് കട സജീവമായത്. ഇന്ന് എല്ലാറ്റിനും വില കൂടി. എങ്കിലും ചായക്ക് വില കൂട്ടുന്നതിനെപ്പറ്റി കുട്ടേട്ടന്‍ ആലോചിക്കുന്നേയില്ല.

പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബാംഗമായ തനിക്ക് ജീവിച്ചുപോകാന്‍ പ്രയാസമുണ്ട്. എങ്കിലും താഴെതട്ടില്‍ കഴിയുന്നവരെ സഹായിക്കാനുള്ള മാര്‍ഗം ഉപേക്ഷിക്കാന്‍ വയ്യ. കുട്ടേട്ടന്‍ നയം വ്യക്തമാക്കുന്നു. ജയില്‍റോഡില്‍ തട്ടാര്‍കെട്ടി പറമ്പിലാണ് കുട്ടേട്ടന്റെ വീട്. ഭാര്യ ധനലക്ഷ്മി. രണ്ടു പെണ്‍മക്കളാണ്. മൂത്തമകള്‍ മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു.
ഇളയമകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മക്കളോടും പ്രയാസപ്പെട്ട് ജീവിക്കണം എന്ന സന്ദേശമാണ് കുട്ടേട്ടന്‍ നല്‍കുന്നത്. കുട്ടേട്ടന്റെ സന്മനസ്സ് കണ്ടറിഞ്ഞ കടയുടമ ആയിരം രൂപ മാത്രമെ കടക്ക് വാടകയായി വാങ്ങുന്നുള്ളു. തളിയിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കുട്ടേട്ടന്റെ ചായക്കട വലിയ ആശ്രയമാണ്. അതിനിയും തുടരട്ടെ എന്നാണ് അവരുടെ ആശംസ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .

Continue Reading

Film

വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.

Continue Reading

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

Trending